JHL

JHL

മകൻ പഠിച്ച കോഴ്സിന് അംഗീകാരമില്ല; ചോദ്യം ചെയ്ത പിതാവിനെ കോളേജ് അധികൃതർ ആക്രമിച്ചതായി പരാതി.

 

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മകൻ പഠിച്ച കോഴ്സിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത പിതാവിനെ കോളേജ് അധികൃതർ ആക്രമിച്ചതായി പരാതി.

 മൊഗ്രാൽ പുത്തൂർ സ്വദേശി സി.എ മഹ്‌മൂദിനെ (64)യാണ് കാസർകോട്ടെ നവഭാരത് കോളേജ് അധികൃതർ ആക്രമിച്ചത്.

മഹ്‌മൂദിന്റെ മകൻ സഹീർ നവഭാരത് കോളജിൽ ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ചിരുന്നതായും ദുബൈയിൽ ജോലിക്ക് ശ്രമിക്കുന്നതിനിടയിൽ സർടിഫികറ്റ് വ്യാജമെന്ന് തൊഴിലുടമകൾ അറിയിച്ചതായും പരാതിയിൽ പറയുന്നു.

 ഖത്വറിലും ജോലി ലഭിച്ചില്ലെന്നും മകൻ കോളജ് അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും മഹ്‌മൂദ്‌ വ്യക്തമാക്കി, തുടർന്ന് ഓഗസ്റ്റ് 12ന് രാത്രി 10 മണിയോടെ കോളജ് പാർട്ണർ മൊയ്‌തീൻ കുട്ടി ബാവ എന്നയാളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന കോളജ് ഉടമസ്ഥരായ മൂന്ന് പേർ അക്രമിച്ചുവെന്നാണ് മഹ്‌മൂദ്‌ നൽകിയ പരാതിയിൽ പറയുന്നത്.

 കൂടാതെ ഓഗസ്റ്റ് 13ന് മൊഗ്രാൽ പുത്തൂർ കടവത്ത് വെച്ചും മൊയ്‌തീൻ കുട്ടി ബാവ മർദിച്ചതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 323 വകുപ്പുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

No comments