JHL

JHL

പോലീസ് പിന്തുടരുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം, ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയായി.

 

കാസര്‍കോട്‌(www.truenewsmalayalam.com) : പോലീസ് പിന്തുടരുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയായി.

 ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ജില്ലാ പൊലീസ്‌ മേധാവിക്കു നല്‍കി.

 കഴിഞ്ഞ മാസം 25ന്‌ കളത്തൂര്‍, പള്ളത്തുണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഫര്‍ഹാസ്‌ (17) ആണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ്‌ മംഗ്‌ളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ മാസം 29ന്‌ ആണ്‌ ഫര്‍ഹാസ്‌ മരിച്ചത്.

 പൊലീസ്‌ അമിതവേഗതയില്‍ പിന്‍തുടര്‍ന്നതാണ്‌ മരണത്തിനു ഇടയാക്കിയതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു ഫര്‍ഹാസിന്റെ കുടുംബവും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു.

 ഈ ആവശ്യം ഉന്നയിച്ച്‌ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധം വരെ നടന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ.വൈഭവ്‌ സക്‌സേന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഖ്യാപിച്ചത്‌. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ സംഘം അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും പരാതിക്കാരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.

കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപോർടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ലെന്നും റിപോർട് ചൂണ്ടിക്കാട്ടുന്നു. കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമാണെന്നാണ് ആരോപണ വിധേയരായ പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്.

എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നും പിന്നാലെ പൊലീസ് പിന്തുടർന്നുവെന്നുമാണ് മുസ്ലിം ലീഗും കുട്ടിയുടെ കുടുംബവും ആരോപിക്കുന്നത്. ഫർഹാസിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണ റിപോർട് ലഭിച്ചാൽ തുടർനടപടികൾ ഉണ്ടാകുമെന്ന് നേരത്തെ ജില്ലാ പൊലീസ് മേധാവി എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ് എന്നിവരെ അറിയിച്ചിരുന്നു. സ്ഥലം മാറ്റം നടപടി മതിയാകില്ലെന്നും പൊലീസുകാരെ സസ്‍പെൻഡ് ചെയ്യണമെന്നുമാണ് മുസ്ലിം ലീഗ് അടക്കമുള്ളവരുടെ നിലപാട്. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപോർട് പുറത്തുവന്നത്

No comments