JHL

JHL

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേർ ഭീതിയോടെ ഇസ്രായേലിൽ; കൺട്രോൾ റൂം തുറന്നു

 


മംഗളൂരു(www.truenewsmalayalam.com) : ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേർ ഇസ്രായേലിൽ ഭീതിയിൽ കഴിയുന്നതായി വിവരം. 8000ത്തോളം പേർ ദക്ഷിണ കന്നടക്കാരാണ്. മംഗളൂരു സ്വദേശിയായ ലിയോനാർഡ് ഫെർണാണ്ടസ് ബന്ധുക്കൾക്ക് നൽകിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടങ്ങൾ ആരംഭിച്ചു. പകുതി പേരും പരിചാരക വൃത്തി ചെയ്യുന്ന ക്രിസ്ത്യൻ സ്ത്രീകളാണ്. കുറച്ച് ഹിന്ദുക്കളുമുണ്ട്.

ഇസ്രായേലിൽ 14 വർഷമായി കഴിയുന്ന താൻ റോക്കറ്റ് ആക്രമണങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്ന് ലിയോനാർഡ് ഫെർണാണ്ടസ് അറിയിച്ചു. ദിവസം മൂന്നും നാലും തവണ സൈറൺ മുഴങ്ങുകയും ആളുകൾ സുരക്ഷാ കൂടാരങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്യുന്നു. ശനിയാഴ്ച രാത്രിയും സൈറൺ മുഴങ്ങി.

എല്ലാ വീടുകളോടും ചേർന്ന് സുരക്ഷാ കൂടാരവുമുണ്ട്. മംഗളൂരുവിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച പുറപ്പെടേണ്ട തന്റെ യാത്ര വിമാനങ്ങൾ റദ്ദാക്കിയതിനാൽ മുടങ്ങിയിരിക്കയാണ്. ഇതുപോലെ ആയിരങ്ങൾ ഉണ്ടെന്ന് ലിയോനാർഡ് അറിയിച്ചു.

പ്രാദേശിക തലങ്ങളിൽ ഇസ്രായേലിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉഡുപ്പി ജില്ല ഭരണകൂടം നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 0820-2574802 / 22340676 / 22253707 എന്നീ നമ്പറുകളിലേക്കോ 1077ലോ വിളിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.


No comments