JHL

JHL

ബസ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ അനശ്ചിതത്വം; കുമ്പള ടൗണിൽ ശൗചാലയമെങ്കിലും ഉയരുമോ..


കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണുമായി ബന്ധപ്പെട്ട് ഒരു ഭാഗത്ത് കെഎസ്‌ടി‌പി റോഡും, മറുഭാഗത്ത് ദേശീയപാത നിർമ്മാണവും ബസ്റ്റാൻഡ്&ഷോപ്പിംഗ് കോംപ്ലക്സ് എന്ന ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടിയാവുന്നു.സ്ഥലലഭ്യതയുടെ കുറവാണ് ഇതിന് കാരണമായി പറയുന്നതും. ബസ്റ്റാൻഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികളിലും ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.

 അതിനിടെ കുമ്പള ടൗണിൽ ആധുനിക രീതിയിലുള്ള ശൗചാലയം അടിയന്തിരമായി നിർമ്മിക്കണമെന്ന ആവശ്യവുമായി വ്യാപാരികളും, വിദ്യാർത്ഥികളും, നാട്ടുകാരും വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. 

കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 16 മുതൽ 25 വരെ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കവേ ടൗണിൽ ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനമില്ലാത്തത് ഭക്തജനങ്ങളെ ദുരിതത്തിലാക്കുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.

 ഏകദേശം 10 ലക്ഷത്തിലധികം ഭക്തജനങ്ങൾ 35 വർഷത്തിനുശേഷം നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിനെത്തുമെന്നാണ് സംഘാടകർ പറയുന്നത്. ഇതിന് മുമ്പായി ടൗണിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കുമ്പള ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 അതിനിടെ ടൗണിന്റെ മറ്റൊരു പ്രധാന ആവശ്യമായ മത്സ്യമാർകറ്റ് നവീകരണത്തിന് 1.12 കോടിയുടെ പദ്ധതിക്ക് ടെണ്ടർ നടപടികൾ പൂർത്തിയായത് മത്സ്യത്തൊഴിലാളികൾക്കും,വ്യാപാരികൾക്കും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.




No comments