JHL

JHL

ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം; 500ലേറെ പേർ കൊല്ലപ്പെട്ടു.

 


ഗസ്സ(www.truenewsmalayalam.com) : ഗസ്സ സിറ്റിയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം. 500ലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ-അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്.

‘ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ ​സൈന്യം യുദ്ധക്കുറ്റം ചെയ്തു. വീടുകളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് ആളുകളും രോഗികളും പരിക്കേറ്റവരും അവിടെ ഉണ്ടായിരുന്നു’ -സലാം മറൂഫ് പറഞ്ഞു. ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ നിരവധി ആളുകളെ അൽ-അഹ്‌ലി അറബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ ഏറെയും. ഗസ്സയിൽ ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണത്തിനിടെ നിരവധി കുടുംബങ്ങൾ ആശുപത്രിയിൽ അഭയം തേടിയിരുന്നു.

അതിനിടെ, ഗസ്സയിൽ ഐക്യ രാഷ്ട്രസഭ നടത്തുന്ന അഭയാർഥി ക്യാമ്പിന് നേ​രെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഫലസ്തീൻ അഭയാർത്ഥികൾക്കായി യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ഗസ്സ മുനമ്പിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിൽ നടത്തുന്ന സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആറ് പേർ കൊല്ലപ്പെട്ടതായി യു.എൻ അഭയാർഥി ഏജൻസി സ്ഥിരീകരിച്ചു.

കുറഞ്ഞത് 4,000 ആളുകളെങ്കിലും അഭയം പ്രാപിച്ച സ്കൂളിന് നേ​രെയാണ് ആക്രമണം നടന്ന​തെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പ്രസ്താവനയിൽ പറഞ്ഞു.



No comments