JHL

JHL

ഉംറ വിസ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; നിരവധി പേരുടെ പണവും പാസ്സ്പോർട്ടുകളുമായി യുവാവ് മുങ്ങി.

 


കാസർകോട്(www.truenewsmalayalam.com) : ഉംറ വിസ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; നിരവധി പേരുടെ പണവും പാസ്സ്പോർട്ടുകളുമായി യുവാവ് മുങ്ങി.

നീലേശ്വരം ക്ലായിക്കോട് സ്വദേശിയായ അബ്‌ദുല്‍ റൗഫിനെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു. സംഭവത്തില്‍ പണം നഷ്‌ടമായ നീലേശ്വരം പരപ്പ ക്ലായിക്കോട്ടെ ജമീലയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

 ജമീലയ്‌ക്ക്‌ 80,000 രൂപയാണ്‌ നഷ്‌ടമായത്‌. സമാന രീതിയില്‍ നിരവധി പേരില്‍ ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ എണ്‍പതിനായിരം രൂപ മുതല്‍ ലക്ഷം രൂപ വരെ വാങ്ങിയിരുന്നു.

 പണം വാങ്ങിയവരോട്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ യാത്രയ്‌ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വിമാനതാവളത്തിലെത്തി, അബ്‌ദുല്‍ റൗഫിനെ കാണാത്തതിനെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, എന്നാൽ ഫോൺ സ്വിച്ച്‌ ഓഫാണെന്നായിരുന്നു മറുപടി. ഇതോടെയാണ്‌ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.

 നാട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പണം നല്‍കിയ 14 പേരുടെ പാസ്‌പോര്‍ട്ടുമായാണ്‌  അബ്‌ദുല്‍ റൗഫ്‌  മുങ്ങിയത്.

 ഇയാളെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.



No comments