JHL

JHL

പന്നി ശല്യത്തിൽ പൊറുതിമുട്ടി ബംബ്രാണയിലെ കർഷകർ; കൃഷിയിടങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്ന് പാടശേഖസമിതി


കുമ്പള(www.truenewsmalayalam.com) : പന്നിക്കൂട്ടങ്ങൾ  കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത് ബംബ്രാണ വയലിലെ കർഷകരെ ദുരിതത്തിലാക്കുന്നു. അഞ്ഞൂറ് ഏകറോളം വരുന്ന പാടത്തെ നെൽകൃഷിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. 

പന്നികൾ കൃഷി നശിപ്പിക്കുന്നത്‌ പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും പ്രശ്നത്തിന് പരിഹാരമായി കൃഷിയിടങ്ങൾക്ക് കമ്പിവേലിയടക്കമുള്ള സ്ഥാപിച്ച്  സംരക്ഷണമൊരുക്കണമെന്നും ബംബ്രാണ പാടശേഖര സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രദേശത്ത്  സാമുഹ്യ വനവൽക്കരണ വിഭാഗത്തിന് കീഴിലുള്ള കാറ്റാടിപ്പാടത്ത് തമ്പടിക്കുന്ന പന്നിക്കൂട്ടങ്ങളാണ് കൃഷി നശിപ്പിക്കാനെത്തുന്നത്.  

മുളക്, വിവിധ ഇനം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങു വർഗങ്ങൾ എന്നിവ മുമ്പ് വ്യാപകമായി കൃഷി ചെയ്തിരുന്നു. പനി ശല്യം കാരണം ഇപ്പോൾ സാധിക്കുന്നില്ല. 

നേരത്തെ ഉപ്പുവെള്ളം കയറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ദിഡുമയിൽ പുതിയ അണക്കെട്ട് വന്നതോടെ പ്രശ്നത്തിന് പരിഹാരമായി.

ബംബ്രാണ അണക്കെട്ട് കൂടി യാഥാർഥ്യമാകുന്നതോടെ കൃഷി ചെയ്യാൻ കൂടുതൽ സൗകര്യമാകും. പന്നി ശല്യം ഒഴിവാക്കാൻ നടപടിയുണ്ടായാൽ ബംബ്രാണ വയലിൽ പുതിയ കാർഷിക വിപ്ലവം സൃഷ്ടിക്കാൻ കഴിയും. 

വിഷയം ജില്ലാ കലക്ടർ, കൃഷി ഓഫീസർ, പഞ്ചായത്ത് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. കാലവസ്ഥാ വ്യതിയാനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറുഭാഗത്ത് പന്നി ശല്യവും.

സ്വർണം പണയപ്പെടുത്തിയും, വായ്പയെടുത്തുമാണ്‌ നെൽ കൃഷിയിറക്കിയത്.  പന്നികൾക്കു കാവലിരിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. വെടിവയ്ക്കാൻ സർക്കാർ  ഉത്തരവ് ഉണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങളൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്നില്ലെന്നും പാടശേഖര സമിതി പരാതിപ്പെട്ടു. 

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി രുഖ്മാകര ഷെട്ടി, വൈസ് പ്രസിഡൻ്റ് കാദർ ദിഡുമ, മൂസക്കുഞ്ഞി ഗുദ്ർ, നാഗരാജ് ഷെട്ടി, നിസാർ മൊഗർ, പ്രഭാകര ഷെട്ടി സംബന്ധിച്ചു.


No comments