വികസനത്തിൽ മുടന്തി കുമ്പള റെയിൽവേ സ്റ്റേഷൻ; മൊഗ്രാൽ ദേശീയവേദി പ്രക്ഷോഭത്തിലേക്ക്.
40-ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. അരലക്ഷം യാത്രക്കാർ പ്രതിമാസം കുമ്പള റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.വരുമാനത്തിന്റെ കാര്യത്തിലാ ണെങ്കിൽ പ്രതിവർഷം ഒരു കോടിയിലേറെ രൂപയാണ്. എന്നിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ കുമ്പള റെയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണ്.
ചുരുക്കം ചില ട്രെയിനുകൾ മാത്രമാണ് ഈ സ്റ്റേഷനിൽ നിർത്തുന്നത്. പരശുറാം, മാവേലി, ബാംഗ്ലൂർ യശ്വന്ത്പൂർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാവുന്നുണ്ട്.സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും അധികൃതർ ഇത് വരെ പരിഗണിച്ചിട്ടില്ല.
ഒട്ടനവധി തവണ സന്നദ്ധ സംഘടനകളും, പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരി, വിദ്യാർത്ഥി സംഘടനകളും, കുമ്പള ഗ്രാമപഞ്ചായത്തും റെയിൽവേ അധികൃതർക്കും, ജനപ്രതിനിധികൾക്കും,വകുപ്പ് തല മന്ത്രിമാർക്കും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനങ്ങൾ നൽകിയിട്ടും ഒന്ന് പോലും പരിഗണിക്കാൻ റെയിൽവേ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പ്രവർത്തിച്ചുവരുന്ന മുഴുവൻ സംഘടനകളെയും, നാട്ടുകാരെയും സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതെന്ന് പ്രസിഡണ്ട് വിജയകുമാർ,സെക്രട്ടറി റിയാസ് കരീം,ട്രഷറർ എച്ച്എം കരീം എന്നിവർ അറിയിച്ചു.പ്രക്ഷോഭ പരിപാടിയുടെ തുടക്കം എന്ന നിലയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റെയിൽവേ സ്റ്റേഷൻ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Post a Comment