JHL

JHL

താലൂക്ക് ആശുപത്രി വികസനം; ജനകീയ വേദി സൂചനാ ധർണ്ണ നടത്തി.


ഉപ്പള(www.truenewsmalayalam.com) : മംഗൽപാടി ആസ്ഥാന താലൂക്ക് ആശുപത്രിയുടെ സമഗ്രമായ വികസനം ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയ വേദി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സൂചനാ ധർണ്ണ നടത്തി. ഇതിനുവേണ്ടി  വർഷങ്ങളായി നടത്തുന്ന തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സൂചനാ സമരം.

 അനുവദിച്ച കിഫ്ബി ഫണ്ട്  ഉപയോഗിച്ച് കെട്ടിടം പണി ഉടൻ ആരംഭിക്കുക, ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി / മൾട്ടി സ്പെഷ്യാലിറ്റി തലത്തിലേക്ക്  ഉയർത്തുക, ആവശ്യമായ വിദഗ്ദ്ധ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുക,  എക്സറേ യൂണിറ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുക, ലേബോറട്ടറി സംവിധാനം വർദ്ധിപ്പിക്കുക,  മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിച്ചത്.

 ജനകീയ വേദി ചെയർമാൻ  അഡ്വ: കരിം പൂന അധ്യക്ഷത വഹിച്ച സൂചന സമരം എയിംസ് ജനകീയ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ഗണേഷ് അ രമങ്ങാനം ഉദ്ഘാടനം ചെയ്തു. 

കാസർകോടിനെ സർക്കാർ കേരളത്തിന്റെ ഭാഗമായി കാണുന്നില്ലെന്നും ആരോഗ്യ രംഗത്തും മറ്റു സമസ്ത മേഖലയോടും സർക്കാർ അനീതിപുലർത്തുന്നതും അവഗണിക്കുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

എയിംസ് വേണമെന്നാവശ്യപ്പെട്ട് ഒരു സമരം പോലും നടത്താത്ത കോഴിക്കോട്ട് എയിംസ് അനുവദിക്കുകയും എയിംസ് വേണമെന്ന് മുറവിളി കൂട്ടുന്ന എന്റോസൾഫാൻ ഇരകൾ ഉൾപ്പെടെയുള്ള കാസർകോട് ജില്ലക്ക് എയിംസ് നിഷേധിക്കുകയും ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളോട് സർക്കാർ കാണിക്കുന്ന കൊടും ക്രൂരതയാണ്.

 ഇത്തരം ക്രൂരതകൾക്കെതിരെ ജനകീയ വേദിയെ പോലുള്ള സമര സംഘടന കുട്ടായ മുന്നേറ്റം നടത്തണമെന്ന് ശ്രീ. ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.

 ധർണ്ണാ സമരത്തിൽ എയിംസ് കൂട്ടായ്മയുടെ ഭാരവാഹികളായ ശ്രീ ദാമോദരൻ, സലീം ചൗക്കി,വിവിധ സംഘടനയെ പ്രതിനിധികരിച്ഛ് കെ.എഫ് ഇക്ബാൽ, അഷ്‌റഫ് ബടാജ, മഹ്മൂദ് സീകന്റടി, യൂസഫ് മാസ്റ്റർ, എച്ച്. എൻ.  മെഹമൂദ് പൊസോട്ട്, ഹനീഫ് പൊസോട്ട്, ഇബ്രാഹിം മൂമിൻ മണ്ണംകുഴി,ജനകിയ വേദി നേതാക്കളായ മഹ്മൂദ് കൈകമ്പ, അശാഫ് മൂസ,  അബ്ദുല്ല അത്തർ, ഒ. എം. റഷീദ് മാസ്റ്റർ, സൈനുദ്ദീൻ അട്ക്ക,സത്യൻ സി ഉപ്പള, ഷാജഹാൻ കുക്കാർ, ഷാനവാസ് കുക്കാർ,എന്നിവർ പ്രസംഗിച്ചു.

 ജനകീയ വേദി വൈസ് ചെയർമാൻ സിദ്ദിഖ് കൈക്കമ്പ സ്വാഗതവും, കൺവീനർ അബു തമാം നന്ദിയും പറഞ്ഞു. തുടർപ്രക്ഷോഭ പരിപാടിക്ക് ഉടൻ രൂപം നൽകുമെന്ന് ജനകീയ വേദി ഭാരവാഹികൾ അറിയിച്ചു.


No comments