റെയിൽപ്പാളങ്ങളിൽ അപകടം തുടർക്കഥയാവുന്നു; പാളം മുറിച്ചുകടക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശ ബോർഡ് സ്ഥാപിച്ച് മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പ്രസ്തുത പ്രദേശങ്ങളിൽ മാത്രം 15 ഓളം പേർ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. ഇതിൽ സ്ത്രീകളും, കുട്ടികളുമാണ് ഏറെയും.
പാത ഇരട്ടിപ്പിച്ച തോടുകൂടിയാണ് ഇവിടങ്ങളിൽ അപകടങ്ങൾ കൂടിയതും. പാളങ്ങളിലെ ഇരുഭാഗങ്ങളിലുമുള്ള കാടുകളും ഈ പ്രദേശങ്ങളിൽ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
കഴിഞ്ഞാഴ്ച പെർവാഡ് ഒരു സ്ത്രീ ട്രെയിൻ തട്ടി മരിക്കാനിടയായത് കാടു മൂലം ട്രെയിൻ വരുന്നത് കാണാത്തതിനെ തുടർന്നായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുമുണ്ട്. ഇതിനെത്തുടർന്ന് റെയിൽവേ അധികൃതർ കാടുകൾ വെട്ടി മാറ്റാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മൊഗ്രാൽ പടിഞ്ഞാർ പ്രദേശങ്ങളിൽ നിന്ന് മൊഗ്രാൽ സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇരട്ട റെയിൽപ്പാളം മുറിച്ച് കടന്ന് പോകുന്നത്. രക്ഷിതാക്കളാണ് പാളം മുറിച്ചു കടക്കാൻ ഇവരെ സഹായിക്കുന്നത്.
പാളങ്ങളുടെ വളവുകൾ നികത്തി ട്രെയിനുകൾക്ക് വേഗത വർദ്ധിപ്പിക്കാനുള്ള നടപടികൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ജനവാസ മേഖലകളിൽ റെയിൽവേ മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ മൊഗ്രാൽ മീലാദ് നഗറിൽ ഇരു ഭാഗങ്ങളിലായി റെയിൽപ്പാളം മുറിച്ചു കടക്കുന്നവരുടെ ശ്രദ്ധക്കായി മീലാദ് കമ്മിറ്റി "ജാഗ്രതാ നിർദ്ദേശ ബോർഡ്'' സ്ഥാപിച്ചത് ശ്രദ്ധേയമായി. മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫൈസൽ, ബഷീർ ഫിർദൗസ്, ടിഎം ഇബ്രാഹിം, ബാസിത്ത്, എംഎസ് അഷ്‌റഫ്, ഹാഷിർ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
Post a Comment