JHL

JHL

മഞ്ചേശ്വരം താലൂക്ക് ആശുപത്രി; സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല, മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിലേക്ക്


കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് ആശുപത്രി  വികസനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിനൊരുങ്ങുന്നതായി ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറത്തിൽ  നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

       ആശുപത്രിയുടെ സമഗ്ര വികസനവും ഉന്നമനവും ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മംഗൽപാടി ജനകീയ വേദി. 2020 സെപ്റ്റംബർ ഒന്നു മുതൽ 19 വരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം  ഉന്നയിച്ചുകൊണ്ട് സംഘടന ഒരു അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകിയിരുന്നു. ഈ സമരം നടന്നുകൊണ്ടിരിക്കെ ജില്ലയുടെ ഉത്തരവാദിത്തം കൂടി വഹിച്ചിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ സംഘാടകരുമായി ചർച്ചയ്ക്ക് എത്തുകയും പിന്നീട് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ഷൈലജ ടീച്ചറെ നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് ആവശ്യങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. തതടിസ്ഥാനത്തിൽ മന്ത്രി 19 കോടി രൂപ മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനത്തിന് വകയിരുത്തുമെന്ന് വാഗ്ദാനം നൽകുകയും പിന്നീട് കിഫ്ബി വഴി 13.5 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ആശുപത്രി വികസനത്തിന് ആവശ്യമായ ഒരു പ്രവർത്തിയും നടന്നിട്ടില്ലെന്ന് ജനകീയ വേദി പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

        സർക്കാരിന്റെ മഞ്ചേശ്വരത്തോടുള്ള ഈ അവഗണനക്കെതിരെ ശക്തമായ സമര പോരാട്ടങ്ങളുമായി മുന്നോട്ടു വരുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിന്റെ സൂചകമായി ബുധനാഴ്ച രാവിലെ 9.30 മണി മുതൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ഒരു സൂചന സമരം നടത്തും. 

       ദിവസേന 600 പരം രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ കിടത്തി ചികിത്സയോ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനമോ, പ്രാഥമിക ശുശ്രൂഷയ്ക്ക് ആവശ്യമായ സാമഗ്രികളോ  ഇല്ലെന്നും ജനകീയവേദി പ്രവർത്തകർ പറയുന്നു.

 മാറിമാറി വരുന്ന ഗവൺമെന്റുകൾ മഞ്ചേശ്വരത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് താലൂക്ക് ആശുപത്രി വികസന കാര്യമെന്ന് നേതാക്കൾ പറഞ്ഞു.

         അബു റോയൽ, അബൂ തമാം, മഹ്മൂദ് കൈക്കമ്പ, അഡ്വ. കരീം പൂന, സത്യൻ സി ഉപ്പള, അബ്ദുല്ല അത്തർ, അശാഫ്, സിദ്ദീഖ് കൈക്കമ്പ, സൈനുദീൻ അടുക്ക എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments