മതസ്പർദ്ധ വളർത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം; എം.എസ്.എഫ്
കാസർകോട്(www.truenewsmalayalam.com) : കുമ്പള ഖൻസ വിമൻസ് കോളേജ് ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾ നടത്തിയ പ്രതിഷേധത്തെ ദുർവ്യാഖ്യാനം ചെയ്ത് വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ബസ്സിൽ കയറിയ വിദ്യാർത്ഥിനികളോട് ഒരു യാത്രക്കാരി അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ഉടലെടുത്ത വാക്കേറ്റത്തെ വർഗ്ഗീയത കലർത്തി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമമായ എക്‌സിൽ 'ആനന്ദി നായർ' എന്ന വ്യാജ അക്കൗണ്ട് പങ്കുവെച്ച പോസ്റ്റിനെ ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി ഷെയർ ചെയ്യുകയും, ബുർഖ ധരിക്കാതെ വടക്കേ കേരളത്തിലെ ബസ്സുകളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന് എടുത്തുപറയുകയും ചെയ്തത് മതസ്പർദ്ധ വളർത്തുക എന്ന് ലക്ഷ്യത്തോടെ മാത്രമാണ്.
ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസ് വ്യാജമാണെന്ന് തെളിയിച്ചപ്പോഴും പോസ്റ്റ് പിൻവലിക്കാൻ തയ്യാറാകാത്ത അനിൽ ആന്റണിയുടേത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുള്ള താത്പര്യമാണെന്നും, കേരളത്തിന്റെ മതേതരത്വത്തേയും മത സൗഹാർദ്ദത്തേയും ഇകഴ്ത്തി കാണിക്കാനുള്ള മനഃപ്പൂർവ്വ നീക്കമാണെന്നും, കേരളത്തിന്റെ ടൂറിസം മേഖലയെ തന്നെ തകർക്കാനുള്ള ഈ വ്യാജ ആരോപണങ്ങൾക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകാൻ സംസ്ഥാന സർക്കാർ ധൈര്യം കാട്ടണമെന്നും എം.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂർ, ജനറൽ സെക്രട്ടറി സവാദ് അങ്കടിമൊഗർ ആവശ്യപ്പെട്ടു.
കോളേജ് സ്റ്റോപ്പിൽ ബസ് നിർത്താത്ത വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് നേരത്തെ എം.എസ്.എഫ് നേതാക്കൾ ആർ.ടി.ഒ ഓഫീസറെ കണ്ടിരുന്നു.
Post a Comment