JHL

JHL

ഇന്ധന ക്ഷാമം; ഗസ്സയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടേണ്ടിവരും-ആരോഗ്യ മന്ത്രാലയം

 


ഗസ്സ സിറ്റി(www.truenewsmalayalam.com) : ഇന്ധന ക്ഷാമത്തെ തുടർന്ന് ഗസ്സയിലെ എല്ലാ ആശുപത്രികളും അടുത്ത 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ ആരോഗ്യ സംവിധാനം ഇതിനകം തന്നെ പ്രവർത്തനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അൽ ഖുദ്ര അറിയിച്ചു.

ഗസ്സയിലെ രണ്ടു പ്രധാന ആശുപത്രികളായ അൽ ശിഫയും അൽ ഖുദ്സും ഇന്ധന ക്ഷാമത്തെ തുടർന്ന് കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവെച്ചിരുന്നു.

 ഗസ്സയിലെ സാഹചര്യം പരിതാപകരമാണെന്ന വ്യക്തമാക്കിയ യു.എൻ, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം നവംബർ അഞ്ചു മുതൽ ഇതുവരെ വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് രണ്ടുലക്ഷം ഫലസ്തീനികൾ ഒഴിഞ്ഞുപോയിട്ടുണ്ട്.

ജനം കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് എത്തുന്നതും വെള്ളം, ഭക്ഷണം എന്നിവയുടെ ക്ഷാമവും ആശങ്ക വർധിപ്പിക്കുന്നതായി യു.എൻ പ്രതിനിധികൾ പറയുന്നു. പലരും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഇന്നലെ രാത്രിയും ഇസ്രായേൽ വടക്കൻ മേഖലയിൽ ഉൾപ്പെടെ ശക്തമായ വ്യോമാക്രമണം തുടർന്നു. ജബലിയ അഭയാർഥി ക്യാമ്പിൽ 30 പേർ കൊല്ലപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ് 20 വയസ്സുള്ള മുഹമ്മദ് അബ്ദ് അൽമജീദ് മരിച്ചു. രണ്ടു ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നാലുപേർക്ക് പരിക്കേറ്റു.


No comments