JHL

JHL

സ്വകാര്യ ആശുപത്രിയിൽ വയോധികന് ചികിത്സ നൽകിയില്ലെന്ന് ആരോപണം


കുമ്പള(www.truenewsmalayalam.com) : ശുചിമുറിയിൽ വീണ് അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന് ആശുപത്രി അധികൃതർ ചികിത്സ നൽകിയില്ലെന്ന് ആരോപണം. ഉപ്പള ഫിർദൗസ് നഗറിലെ ഇബ്രാഹിം (64) എന്നയാൾക്ക് ചികിത്സ നൽകിയില്ലെന്ന് ഇയാളുടെ കുടുംബമാണ് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ   ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

       നവം. 21 ന് പുലർച്ചെ നാലുമണിയോടെ ശുചിമുറിയിൽ വീണ് അവശനിലയിൽ കണ്ട ഇബ്രാഹിമിനെ ഭാര്യ അക്തരി ബാനു മക്കളായ സഫ, മുഹമ്മദ് ശാഹിൽ, മുഹമ്മദ് ശഹ്ബാസ് എന്നിവർ ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവത്രെ. വീൽ ചെയറിൽ കാശ്വാലിറ്റിയിലേക്ക് മാറ്റിയ ഇബ്രാഹിമിനെ അരമണിക്കൂറായിട്ടും ഡോക്ടർ എത്തി പരിശോധിക്കുകയോ, മരുന്നുകൾ നൽകുകയോ ചെയ്തില്ലെന്ന് ഇവർ പറയുന്നു.

ഡോക്ടറെവിടെ എന്ന് മറ്റു ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ആദ്യം, വിളിച്ചിട്ടുണ്ടെന്നും ഇപ്പോൾ വരുമെന്നും, എന്നിട്ടും കാണാത്തതിനാൽ വീണ്ടും അന്വേഷിച്ചപ്പോൾ ഉറങ്ങുകയാണ് എന്നുമായിരുന്നുവത്രെ ജീവനക്കാരുടെ മറുപടി.

 24 മണിക്കൂർ പ്രവർത്തിക്കുന്നതായി ബോഡ് സ്ഥാപിച്ച് പ്രവർത്തിച്ചു വരുന്ന ഈ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന  രോഗിയോട് പെരുമാറുന്ന ലാഘവത്തെ കുടുംബം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

 ഈ വീഡിയോ കൈക്കലാക്കിയ ആശുപത്രി അധികൃതർ രോഗിയുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചു വെക്കാൻ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണെന്നും കുടുംബം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

 തക്കസമയത്ത് ആശുപത്രി അധികൃതർ ചികിത്സ നൽകാത്തതിനാൽ വാപ്പയുടെ ആരോഗ്യ നില കൂടുതൽ വഷളായതായി ഇബ്രാഹിമിന്റെ  മക്കൾ ആരോപിച്ചു. പിന്നീട് കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ച ഇബ്രാഹിമിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നതായും മക്കൾ അറിയിച്ചു.

 ഇബ്രാഹിമിന്റെ മക്കൾ സഫ, മുഹമ്മദ് ശാഹിൽ, മുഹമ്മദ് ശഹ്ബാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments