JHL

JHL

ഞായറാഴ്ച പ്രവർത്തി ദിനം പുന:പരിശോധിക്കണം; എസ്.ഇ.യു


കാസറഗോഡ്(www.truenewsmalayalam.com) : നവകേരള സദസ്സിന്റെ പേരിൽ സർക്കാർ ജീവനക്കാരെ തുടർച്ചയായി ഏഴ് ദിവസം ജോലി ചെയ്യിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും, പരിപാടി നടത്തിപ്പിനാവശ്യമായ ജീവനക്കാരെ മാത്രം  പകരം അവധി നൽകി ചുമതല ഏൽപ്പിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ലീവ് സറണ്ടറും, ക്ഷാമബത്തകളും ഉൾപ്പടെ എല്ലാ ആനുകൂല്ല്യങ്ങളും തുടർച്ചയായി നിഷേധിക്കപ്പെടുന്ന  സർക്കാർ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

  ഏതാനും മണിക്കൂർ മാത്രം ദൈർഘ്യമുള്ളതും ചുരുക്കം ജീവനക്കാരെ മാത്രം ആവശ്യമുള്ളതുമായ പരിപാടിയിൽ ജനക്കൂട്ടത്തെ കാണിക്കാനെന്നവണ്ണം മുഴുവൻ ജീവനക്കാരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നതും ഇത്തരമൊരു പരിപാടി ഞായറാഴ്ച ദിവസം നടത്തുന്നതും കേട്ടുകേൾവി ഇല്ലാത്തതാണ്. 

ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനും വീട്ടു ജോലികള്‍ക്കും  സമയം കണ്ടെത്തുന്ന സ്ത്രീ ജീവനക്കാരടക്കമുള്ളവര്‍ക്ക് ഏറെ പ്രയാസമാണ് ഞായറാഴ്ചയിലുള്ള സ്പെഷ്യല്‍ ഡ്യൂട്ടി.

 അന്ധമായ രാഷ്ട്രീയ അടിമത്തം മൂലം ജീവനക്കാര്‍ക്കെതിരായുള്ള എല്ലാ നീക്കങ്ങള്‍ക്കും കുട പിടിക്കുന്ന സര്‍വ്വീസ് സംഘടനകളെ ജീവനക്കാര്‍ തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


No comments