JHL

JHL

ജാതി സെൻസസ് നടത്താൻ ഇടത് സർക്കാർ ഭയക്കുന്നതെന്തിന്; റസാഖ് പാലേരി

 


കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ജാതി സെൻസസ് നടത്താൻ ഇടത് സർക്കാർ ഭയപ്പെടുന്നതെന്തിനെന്ന് റാസ്ഖ് പാലേരി.

 ജാതി സെൻസസ് നടത്തുക, എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ നിയമനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ വിഷയങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാന തല പ്രഖ്യാപനം കാഞ്ഞങ്ങാട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

 ബീഹാർ സംസ്ഥാനവും കർണാടകയും ജാതിസെൻസസ് പൂർത്തികരിച്ചു. ആന്ധ്രപ്രദേശ് സംസ്ഥാനം ജാതി സെൻസസ് ഇന്നുമുതൽ ആരംഭിക്കുകയാണ്. ജാതി മേധാവിത്ത ശക്തികളുടെ വിരട്ടലിൽ ജാതി സെൻസസ് നടത്തുന്നതിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുകയാണ് പിണറായി സർക്കാർ.

 ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി ജാതി സെൻസസ് മുഖ്യ വിഷയമാക്കുമ്പോഴും ഭരണ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യാ മുന്നണിയിലെ പ്രബല കക്ഷികളായ കേരളത്തിൽ അതിന് വേണ്ടി ശബ്ദിക്കാൻ പോലും അവർക്ക് കഴിയുന്നില്ല.

 മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം എന്ന പേരിൽ സവർണ്ണ സംവരണം ഇന്ത്യയിൽ ആദ്യം നടപ്പാക്കിയ കേരളത്തിലെ ഇടത് സർക്കാരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല. കോൺഗ്രസും കേരളത്തിൽ ശക്തമായ നിലപാട് ഇക്കാര്യത്തിൽ പുലർത്തുന്നില്ല.

 രാജ്യത്തെ വ്യത്യസ്ഥ സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാൻ വിശദമായ ജാതി സെൻസസ് നടത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ.

 കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവ്വീസിനേക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. നിലവിൽ മാനേജ്മെൻ്റുകൾ വലിയ തുക കോഴ വാങ്ങി നിയമനം നടത്തുകയും ശമ്പളം സർക്കാർ നൽകുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഇത്തരം മേഖലയിൽ നിയമനം ലഭിക്കുക.

 നിലവിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ഒരു ശതമാനം പോലും പ്രാതിനിധ്യം ഈ മേഖലയിലില്ല. എയ്ഡഡ് മാനേജ്മെൻ്റുകൾ സ്വന്തമായുള്ള എസ്.എൻ.ഡി.പിയും എം.ഇ.എസും മുസ്ലിം സംഘടനകളും നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എതിരില്ല എന്ന് അറിയിച്ചിട്ടും എൻ.എസ്.എസ് അടക്കമുള്ളവരുടെ കണ്ണുരുട്ടലിൽ പിണറായി സർക്കാർ ഭയപ്പെടുന്നു.

 1958 ലെ സുപ്രിം കോടതി വിധിയിൽ മാനേജ്മെൻ്റ് വിദ്യാലയങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിന് നിയമ തടസമില്ല എന്ന് വിധിയുണ്ടായിട്ടും പിന്നീട് ഭരിച്ച് ഇടത്-വലത് സർക്കാരുകൾ ജാതിമേധാവിത്വ ശക്തികൾക്ക് വഴങ്ങുകയാണ്. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിൽ ജീവനക്കാരുടെ ജാതി തിരിച്ച പട്ടിക സർക്കാർ പ്രസിദ്ധീകരിക്കണം.

 നിലവിൽ ഇതു സംബന്ധിച്ച കണക്കുകളൊന്നും ഔദ്യോഗികമായി ലഭ്യമല്ല. കേരള സർവ്വീസ് സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്ര സാഹിത്യ പരിഷ്തിന്റെ പഠന റിപ്പോർട്ടും 2000 ഫെബ്രുവരിയിൽ കേരള സർക്കാർ നിയോഗിച്ച നരേന്ദ്രൻ കമ്മീഷൻ നൽകിയ റിപ്പോർട്ടും അനുസരിച്ച് മുസ്ലിം,ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണത്തോത് അനുസരിച്ച പ്രാതിനിധ്യം പോലുമില്ല.

 ജനസംഖ്യാ അനുപാതത്തിലും താഴെയാണ് സംവരണത്തോത് എന്നിരിക്കെ ഈ ജനവിഭാഗങ്ങൾ അധികാര പങ്കാളിത്തത്തിൽ നിന്ന് തഴയപ്പെടുന്നതായി മനസ്സിലാക്കാം.

 പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ലഭ്യാണെങ്കിലും മെറിറ്റ് അട്ടിമറി നടത്തുന്നതുമൂലവും കരാർ നിയമനങ്ങൾ വഴി ഇഷ്ടക്കാരെ തിരികെ കയറ്റുന്നത് മൂലവും അവരുടെ പങ്കാളിത്തവും അനുപാതത്തിനേക്കാൾ താഴെയാണ്.

 രാജ്യത്ത് അധികാരത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന നിരവധി സമൂഹങ്ങളുണ്ട്. അവർക്കെല്ലാം ഹെഡ് കൌണ്ട് ചെയ്ത് പ്രാതിനിധ്യം വേണം. 2024 ജനുവരി 3ന് സെക്രട്ടറിയേറ്റ് വളയൽ അടക്കമുളള വലിയ ബഹുജനമുന്നേറ്റങ്ങൾക്ക് പ്രക്ഷോഭത്തിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി നേതൃത്വം നൽകും.


 പ്രഖ്യാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരീപ്പുഴ , ജബീന ഇർഷദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, ജില്ല ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് എന്നിവർ സംസാരിച്ചു സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ടൗണിൽ ബഹുജന റാലിയും നടന്നു.


No comments