ദേശീയപാത നിർമ്മാണം, സർവ്വീസ് റോഡ് ഉയരത്തിലായി: മൊഗ്രാൽ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിലൂടെ സ്കൂളിലേക്കും പള്ളിയിലേക്കും, മദ്രസയിലേക്കുമെത്താനുള്ള വഴി അടഞ്ഞേക്കുമെന്ന് ആശങ്ക.
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണം പുരോഗമിക്കവേ മൊഗ്രാൽ ടൗണിൽ പടിഞ്ഞാറ് ഭാഗത്തുള്ള ഷാഫി ജുമാമസ്ജിദിലേക്കും, മദ്രസയിലേക്കും തെക്കുഭാഗത്തുള്ള സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും നടന്നു വരാൻ പ്രതീക്ഷ നൽകിയിരുന്ന കലുങ്ക് നിർമ്മാണം സർവീസ് റോഡ് ഉയരത്തിലാതോടെ വഴിയടഞ്ഞു പോകുമെന്ന ആശങ്കയിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും.
മൊഗ്രാൽ ടൗണിൽ നിന്നും, ലീഗ് ഓഫീസ് പരിസരത്തു നിന്നും, മീലാദ് നഗറിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ളതാണ് കലുങ്ക് നിർമ്മാണം. ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന കലുങ്കിലൂടെ തെക്കുഭാഗത്തുള്ള പ്രായമായവർക്ക് പള്ളിയിലേക്കും, പിഞ്ചുകുട്ടികൾക്ക് സ്കൂളിലേക്കും, മദ്രസയിലേക്കും നടന്നു വരാൻ സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കലുങ്ക് നിർമ്മാണം ഇപ്പോൾ പകുതി പൂർത്തീകരിച്ചിട്ടുണ്ട്, പകുതിഭാഗം താമസിയാതെ നിർമ്മിക്കുകയും ചെയ്യും. കലുങ്ക് പടിഞ്ഞാർ ഭാഗത്തെത്തുമ്പോൾ സർവീസ് റോഡ് ഉയരം കൂടിയതിനാൽ കലുങ്ക് വഴി നടന്നുപോകാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ദേശീയപാത അധികൃതരുമായി സംസാരിച്ചപ്പോൾ വിഷയം നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമായിരുന്നു വെന്നാണ് പറഞ്ഞത്. അങ്ങനെ ഇടപെട്ടിരുന്നുവെങ്കിൽ സർവീസ് റോഡ് നിർമ്മാണത്തിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുവെന്നും ബന്ധപ്പെട്ടവർ പറയുന്നു. മൊഗ്രാൽ ടൗണിലെ അടിപ്പാതയ്ക്ക് സമാനമായാണ് ഇവിടെ ഉയരം കൂട്ടി കലുങ്ക് നിർമ്മിക്കുന്നത്.
കലുങ്കിന് കുറച്ചുകൂടി ഉയരം കൂട്ടാനായാൽ ഈ വിഷയത്തിൽ പരിഹാരമാവുമെന്ന് നാട്ടുകാരും പറയുന്നു. പ്രതീക്ഷ കൈവിടാതെ ദേശീയപാത നിർമ്മാണ ഉന്നത ഉദ്യോഗസ്ഥരെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Post a Comment