JHL

JHL

അമ്പിത്തടി അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-എ.എൽ.എം.എസ് കമ്മിറ്റി


മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം  അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന പാക്കേജിൽ 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടുതൽ ഫണ്ട് ആവശ്യമാണെങ്കിൽ നൽകാമെന്ന് എം.എൽ.എയും  ഉറപ്പ് നൽകിയതാണ്.  

എന്നാൽ ഈ പ്രദേശത്ത് കെട്ടിടം പണിയാൻ  സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ അന്നത്തെ വാർഡ് മെമ്പർ 6-ാം വാർഡിൽ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് രഹസ്യമായി നാല് സെൻ്റ് ഭൂമി വാങ്ങി അംഗൻവാടി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇത് നാട്ടുകാർക്കിടയിൽ ശക്തമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. 

പിന്നീട് വന്ന വാർഡ് മെമ്പർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുകയും പുതിയ കെട്ടിടം പണി ആരംഭിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. 

ഇതിൻ്റെ  ഭാഗമായി ഈ സ്ഥലത്തിൻ്റെ വിവരം 

ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെയും പഞ്ചായത്തിൻ്റെയും ശ്രദ്ധയിൽ പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ശിശുവികസന ക്ഷേമ വകുപ്പ്, പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ച്  ഇത് യോഗ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് എ.എൽ.എം.എസ് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും തൊട്ടടുത്ത് ഒരു കമ്പനി പ്രവർത്തിക്കുന്നുവെന്ന കാരണത്താൽ അതും ഒഴിവാക്കുകയായിരുന്നു.  

ഇതേ തുടർന്ന് 7ാം വാർഡിൽ സ്ഥലം വാങ്ങുന്നതിന്  പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ ബ്ലോക്ക്  പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചയർമാൻ സ്ഥലം വാങ്ങുന്നത് തടയാൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ഓംബുഡ്സ്മാനിൽ നൽകിയ പരാതി നിലനിൽക്കുന്നതിനാൽ  അമ്പിത്തടി അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത് നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. 

കാൽ നൂറ്റാണ്ടോളം കാലമായി പ്രവർത്തിച്ചു വരുന്ന അംഗൻവാടി മാറ്റുന്നതിനു പിന്നിൽ  

ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രമാണ്.

നാട്ടുകർക്കിടയിൽ എതിർപ്പ് ശക്തമായത് മനസിലാക്കിയാണ് ഇപ്പോൾ ചിലർ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.  

മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നതിന് ജില്ലാ കലക്ടറോ, ഗ്രാമസഭയോ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തോ, എൽ.എം.എസ് കമ്മിറ്റിയോ തീരുമാനമെടുത്തിട്ടില്ല.

കുപ്രചരണങ്ങൾ നടത്തുകയും  പരാതി നൽകുകയും ചെയ്ത് നാട്ടുകാരെ വെല്ലുവിളിക്കുകയാണ് ബ്ലോക്ക് മെമ്പർ ചെയ്യുന്നത്. ഇതിൻ്റെ നിജസ്ഥിതി പുറത്തു കൊണ്ട് വരണം. ജനസംഖ്യാനുപാതികമായി  അംഗൻവാടിക്ക് പുതിയ കെട്ടിടം  നിർമിക്കേണ്ടത് ഏഴാം വാർഡിലെന്ന് സർവ്വേ റിപ്പോർട്ടുകളടക്കമുണ്ട്. യഥാർഥ വസ്തുത മറച്ചു പിടിച്ച് നടത്തുന്ന ഹീനമായ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ വ്യക്തമാക്കി. 

വാർത്താ സമ്മേളനത്തിൽ പഞ്ചായത്തംഗവും എ.എൽ.എം.എസ് അധ്യക്ഷയുമായ ആയിഷത്ത് റുബീന, വൈസ് ചെയർമാൻ അച്ചുക്കുഞ്ഞി, അംഗങ്ങളായ ഗായത്രി, സവിത, മുഹമ്മദ് ഹനീഫ് സംബന്ധിച്ചു.


No comments