JHL

JHL

ചന്ദ്രഗിരിപ്പാലവും പുഴയും മരണക്കെണിയാവരുത്; എന്‍.സി.പി

കാസര്‍ഗോഡ്(www.truenewsmalayalam.com) : ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ആഴമുള്ള പുഴയില്‍ ചാടിയുള്ള ആത്മഹത്യാ വാര്‍ത്തകള്‍ ഒരു തുടര്‍കഥയായി മാറിയിരിക്കുകയാണ്. 

 കുടുംബത്തിന്‍റെ കാവല്‍ഭടന്മാരായ പലരും ഈ പാലം തേടി എത്താറാണ് പതിവ്.  പുഴയുടെ സൗന്ദര്യം ആസ്വദിക്കാനായിരുന്നില്ല ആ വരവുകള്‍, പാലത്തില്‍ നിന്ന് ആഴമുള്ള പുഴയിലേക്ക് എടുത്ത് ചാടി തന്‍റെ കുടുംബത്തിനെ അനാഥമാക്കിക്കൊണ്ട് മരണത്തിലേക്കാണ് അവര്‍ പോകുന്നത്.

 മനസ്സിനുണ്ടാകുന്ന വിഷമഘട്ടത്തില്‍, ചില ദുര്‍ബല നിമിഷത്തില്‍  അനുയോജ്യമായ സ്ഥലം മറ്റെവിടെയും ലഭിക്കാതെ വരുമ്പോള്‍ ഇത്തരക്കാര്‍ ഈ പുഴയില്‍ ജീവനൊടുക്കുന്ന സംഭവം അടുത്ത കാലത്തായി കൂടി വരികയാണ്.  ഉയരത്തിലുള്ള കൈവരികളില്ലാത്തതും, വെളിച്ചക്കുറവുമാണ് ഇവിടെ ആത്മഹത്യ കൂടിവരാന്‍ കാരണമെന്ന് എന്‍ സി പി കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍ഗോഡ് നഗരസഭ സ്ഥാപിച്ചിരുന്ന തെരുവ് വിളക്ക്, കെ.എസ്.ടി.പി റോഡ് നിര്‍മ്മിച്ചതോടെ ഇല്ലാതായെങ്കിലും പുതുതായി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നാളിതുവരെയായും ആരും മുന്നോട്ടുവന്നില്ല.  കാല്‍നടയാത്രക്കാര്‍ക്ക് പോലും ഭീഷണിയാകുന്ന കൂരിരുട്ടും  ഇരുവശങ്ങളിലും പാലത്തിന്‍റെ കൈവരിക്കുള്ള ഉയരം കുറഞ്ഞതുമാണ് ഇത്തരം ആത്മഹത്യകള്‍ക്ക് അനുകൂല കാരണമായി കാണുന്നത് എന്ന് എന്‍ സി പി കൂട്ടിചേര്‍ത്തു.

അടിയന്തരമായും പാലത്തിലും പരിസരങ്ങളിലും വെളിച്ചം സ്ഥാപിക്കണമെന്നും,  പാലത്തിന്‍റെ കൈവരികളുടെ ഉയരം വര്‍ദ്ധിപ്പിച്ച് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നും എന്‍ സി പി കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

എന്‍ സി പി കാസര്‍ഗോഡ് ബ്ലോക്ക് പ്രസിഡന്‍റ് ഉബൈദുള്ളാ കടവത്ത് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറിമാരായ എ ടി വിജയന്‍, സുബൈര്‍ പടുപ്പ്, ദാമോദരന്‍ വെള്ളിഗെ, ഉദിനൂര്‍ സുകുമാരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കൊല്ലമ്പാടി, ഷാഫി സുഹ്രി, ഖദീജാ മൊഗ്രാല്‍, പവിന്‍ രാജ് മുള്ളേരിയ, ഖാലിദ് മല്ലം, അബ്ബാസ് അണങ്കൂര്‍,  അബ്ദുല്‍സലാം ബങ്കരക്കുന്ന്, ഷെഫീഖ് സുഹ്രി, സുജാത ഫോര്‍ട്ട് റോഡ്, റഫീഖ് മൈമൂണ്‍ നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതവും, ഷെമീര്‍ അണങ്കൂര്‍ നന്ദിയും പറഞ്ഞു.


No comments