JHL

JHL

ആദർശ് സ്റ്റേഷൻ പേരിൽമാത്രം; എംപി യുടെ സന്ദർശനം പ്രഹസനം-എസ്.ഡി.പി.ഐ


മഞ്ചേശ്വരം(www.truenewsmalayalam.com) : കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും അടിസ്ഥാന വികസനകാര്യങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെ കിതക്കുകയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ.

 തെക്കുഭാഗത്തേക്കുള്ള തീവണ്ടി യാത്രയിൽ കേരളത്തിലേക്കുള്ള കവാടവും വടക്കോട്ട് അവസാനത്തെ സ്റ്റേഷനെന്ന പ്രത്യേകതകൂടിയുണ്ടിതിന്. വിദ്യാർഥികളുൾപ്പെടെ നിരവധി യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും യാത്രക്കാർക്കുള്ള വിശ്രമമുറിയില്ല.

ടിക്കറ്റ് കൗണ്ടറിന്റെ മുൻഭാഗത്തും എതിർവശത്തും പ്ലാറ്റ്ഫോമിൽ വർഷങ്ങളായുള്ള ഏതാനും ഇരിപ്പിടങ്ങൾ മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. രണ്ട് വർഷം മുൻപ് തെക്കുഭാഗത്ത് രണ്ടിടങ്ങളിൽ പഴയ ഇരിപ്പിടങ്ങൾക്ക് മുകളിൽ ഷീറ്റിട്ടിട്ടുണ്ട്.

 എന്നാൽ, വടക്കുഭാഗത്ത് വണ്ടി വരുന്നതുവരെ വെയിലിലും മഴയിലും ഇരിക്കാനിടമില്ലാതെ നിൽക്കുകതന്നെ വേണം. യാത്രക്കാർക്കുവേണ്ടി ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും തുറന്നുകൊടുത്തിട്ടില്ല.

 പഴയ ശൗചാലയം നവീകരിച്ചിട്ട് വർഷത്തിലേറെയായിട്ടും തുറന്നിട്ടില്ല. ശങ്ക പരിഹരിക്കാൻ യാത്രക്കാർക്ക് ആശ്രയം ഇപ്പോഴും റെയിൽവേ സ്റ്റേഷന് സമീപത്തെ പൊന്തക്കാടുകൾ തന്നെ. 

നിലവിൽ ആറ് തീവണ്ടികൾക്ക് മാത്രമെ ഇവിടെ സ്റ്റോപ്പുള്ളൂ. തെക്കോട്ട് പോകുമ്പോൾ കേരളത്തിൽനിന്നുള്ള ആദ്യ സ്റ്റേഷനും കർണാടകയിലേക്ക് പോകുമ്പോൾ അവസാനത്തേതുമായ ഈ സ്റ്റേഷന് അതിന്റെ പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് യാത്രക്കാരുടെ പരാതി. കർണാടകയിലെ ദെർളക്കട്ട, കണച്ചൂർ, മുടിപ്പു തുടങ്ങിയ സ്ഥങ്ങളിലെ ആസ്പത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി കേരളത്തിൽനിന്ന്‌ നിരവധിപേരാണ് എത്തുന്നത്. കൂടുൽ തീവണ്ടികൾക്ക്  മഞ്ചേശ്വരത്ത് സ്റ്റോപ്പില്ലാത്തതിനാൽ മംഗളൂരുവിലറങ്ങി കിലോമീറ്ററുകളോളം വീണ്ടും സഞ്ചരിക്കണം. മഞ്ചേശ്വരത്ത് ഇറങ്ങാൻ സൗകര്യമുണ്ടായാൽ ഇവർക്ക് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം. ദേശീയപാതയോട് ചേർന്നാണ് സ്റ്റേഷൻ എന്നതും യാത്രക്കാർക്ക് ഗുണമാകും. 

 റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് നാട്ടുകാർക്ക് കടന്നുപോകുന്നതിനായി മേൽപ്പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി അപകടങ്ങളാണ് പല സന്ദർഭങ്ങളിലായി ഇവിടെ നടന്നത്. മൂന്ന്‌ വർഷം മുൻപ് രണ്ട് സഹോദരിമാരും കുട്ടിയും ട്രെയിൻ തട്ടി മരിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് ജനപ്രതിനിധികളും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് മേൽപ്പാലം നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.. 

സ്കൂളുകൾ, പഞ്ചായത്ത് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ, വൈദ്യുതി ഓഫീസ് തുടങ്ങി പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നാട്ടുകാർക്ക് എത്തിപ്പെടണമെങ്കിൽ റെയിൽപാളം മുറിച്ചുകടക്കണം. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു.

ദേശീയപാതയിൽനിന്ന്‌ യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും കടന്നുപോകുന്നത് വെള്ളക്കെട്ടിലൂടെയാണ്. മഴക്കാലത്ത് മുട്ടോളം ചെളിവെള്ളം നിറയുന്ന വഴി വൃത്തിയാക്കാനും നടപടിയില്ല. കൂടാതെ ക്രോസിങ്ങിനായി വണ്ടികൾ പിടിച്ചിടുന്നതും യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

കഴിഞ്ഞ ന്നാലര വർഷമായിട്ടും ഇത്തരം അടിസ്ഥാന പ്രശനങ്ങൾക് പരിഹാരിഹാരം കണ്ടെത്താൻ സാധിക്കാത്ത പരിഹാരങ്ങൾക് ശ്രമിക്കാത്ത എം പി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും പൊതു ജനങ്ങളുടെ ചോദ്യങ്ങൾക് മറുപടി കൊടുക്കാൻ ഒന്നും ഇല്ലാത്തതിനാൽ നടത്തുന്ന പ്രഹസനമാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശനമെന്ന് എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇക്‌ബാൽ കുഞ്ചത്തൂർ ആരോപിച്ചു.
No comments