JHL

JHL

ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ഉപ്പള ഗേറ്റിലൂടെയുള്ള ഗതാഗതം 14 ദിവസത്തേക്ക് തടയുമെന്ന് ദക്ഷിണ റെയിൽവേ ; നാട്ടുകാർ ആശങ്കയിൽ

മഞ്ചേശ്വരം(www.truenewsmalayalam.com) : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ഉപ്പള ഗേറ്റിലൂടെയുള്ള ഗതാഗതം 14 ദിവസത്തേക്ക് തടയുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. 

ഉപ്പള റെയിൽവേ ലെവൽ ക്രോസ് തിങ്കളാഴ്ചമുതൽ 31 വരെ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് അടച്ചിടുക.

ദിനംപ്രതി നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡ് ബദൽമാർഗമൊരുക്കാതെ രണ്ടാഴ്ചയോളം അടച്ചിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 നിലവിൽ പ്രധാന റോഡിന്റെയും കിഴക്ക് ഭാഗത്തുള്ള സർവീസ് റോഡിന്റെയും പണി ഏറെക്കുറെ പൂർത്തിയായ ഇവിടെ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിന്റെ ഭാഗമായ ഓവുചാലിന്റെയും പ്രധാന റോഡിന്റെ സംരക്ഷണഭിത്തിയുടെയും നിർമാണപ്രവൃത്തിയാണ് നടക്കാനുള്ളത്.

 ലെവൽ ക്രോസിനോട് ചേർന്ന ഒരു ചാലിന് ഒൻപത് മീറ്റർ നീളത്തിൽ രണ്ട് മീറ്റർ ആഴത്തിലും കുഴിയെടുക്കേണ്ടതുണ്ട്.

 20 മീറ്റർ നീളത്തിലാണ് പ്രധാന റോഡിന്റെ സംരക്ഷണഭിത്തി നിർമാണം ബാക്കിയുള്ളത്. ഈ ജോലികൾ ഒറ്റ ഘട്ടമായി തീർക്കാനാണ് റോഡ് അടച്ചിടുന്നത്. 

റോഡ് അടക്കാതെ നിർമാണം വിഷമകരമാകുമെന്നാണ് അധികൃതർ പറയുന്നത്.

 റോഡ് അടച്ചിട്ടാൽ ഉപ്പള ഗേറ്റിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ വലയും. മഞ്ചേശ്വരം തുറമുഖത്തേക്ക് എത്താനുള്ള ഏക വഴികൂടിയാണിത്. 

റോഡ് പൂർണമായും അടയ്ക്കാതെ ഭാഗികമായി തുറന്നുകൊടുത്ത് നിർമാണജോലികൾ തുടരണമെന്നാണ് നാട്ടുകാരുടെ അവശ്യം. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്‌മാന്റെ നേതൃത്വത്തിൽ നാട്ടുകാർ കരാർ കമ്പനി അധികൃതരുമായി ചർച്ച ചെയ്തു. 

എന്നാൽ ബദൽ സംവിധാനത്തിനായി തൊട്ടടുത്തുള്ള റെയിൽവേ അടിപ്പാത ഉപയോഗപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാൽ റെയിൽവേ പിൻമാറുകയായിരുന്നുവെന്നും നാട്ടുകാരുടെ ആശങ്ക പ്രോജക്ട് മാനേജരുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കുമെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി അധികൃതർ പറഞ്ഞു.





No comments