പഴവർഗങ്ങളുടെ റംസാൻ വിപണിയിൽ വിൽപ്പന പൊടിപൂരം; വിലകൾ പലവിധം
കുമ്പള(www.truenewsmalayalam.com) : ചൂട് കൂടിയതോടെ ഈ വർഷത്തെ റംസാൻ വിപണിയിൽ പഴവർഗങ്ങളുടെ വിൽപ്പന പൊടിപൂരം.
നാടൻ പഴങ്ങളോടൊപ്പം, വിദേശ പഴങ്ങളും വൻതോതിൽ വിറ്റഴിക്കുന്നതായി വ്യാപാരികൾ പറയുന്നു.
റംസാൻ തുടക്കത്തിൽ കച്ചവടത്തിൽ ഒരു മെല്ലെ പോക്കുണ്ടായിരുന്നു, എന്നാൽ റംസാൻ പകുതി പിന്നിട്ടതോടെ കച്ചവടം വർദ്ധിച്ചതായും വ്യാപാരികൾ പറയുന്നുണ്ട്.
അടുത്തമാസം പെരുന്നാളും, വിഷുവുമൊക്കെ അടുപ്പിച്ച് എത്തുന്നതിനാൽ കച്ചവടം ഇതേപടി തുടരുമെന്ന പ്രതീക്ഷയിലാണ് പഴം, പച്ചക്കറി വ്യാപാരികൾ.
ജ്യൂസിന് പറ്റിയ "അവക്കാഡ'' തന്നെയാണ് വിലയിൽ താരം.കിലോയ്ക്ക് 400 രൂപയോടടുത്താണ് വില.
ലിച്ചിയും, ഫോറിൻ ഗ്രോസ് മുന്തിരിയും പ്ലമ്മുമാണ് രണ്ടാമത്. 300നോട് അടുത്താണ് വില.
നാടൻ പഴവർഗങ്ങൾക്ക് പൊതുവെ വലിയ വിലയില്ലെന്ന് നോമ്പുകാർ പറയുന്നുണ്ട്. മാമ്പഴം വിപണിയിൽ എത്തിയതോടെ വിവിധതരം മാമ്പഴങ്ങൾക്ക് കിലോയ്ക്ക് 160 രൂപ മുതൽ 260 രൂപ വരെ വില ഈടാക്കുന്നുണ്ട്.
സ്ട്രോബറി, കിവി എന്നിവയ്ക്ക് 240 രൂപയാണ് വില. അതേസമയം വിപണിയിൽ മത്സരമെ ന്നോണം വിവിധ ഇടങ്ങളിൽ വിവിധ തരത്തിൽ വില ഈടാക്കുന്നതായും പറയപ്പെടുന്നു.
വിവിധതരം ആപ്പിളുകൾക്ക് 160 രൂപ മുതൽ 200 രൂപ വരെയാണ് വില. തുർക്കി, ഇറാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നതാണ് ഈ ആപ്പിളുകൾ.
അനാർ 160, പച്ചമുന്തിരി 70, കറുപ്പ് മുന്തിരി 70, മുസംബി 70, ഓറഞ്ച് 70, പപ്പായ 50, കൈതച്ചക്ക 70, തണ്ണീർ മത്തൻ 28, ഷമാം 50, ചിക്ക് 60, നേന്ത്രപ്പഴം 55, കദളിപ്പഴം 60, മൈസൂർ പഴം 50, സിട്ര ഓറഞ്ച് 140, ഡ്രാഗൺ ഫ്രൂട്ട് 160, പേരക്ക 60 എന്നിങ്ങനെയാണ് കുമ്പളയിലെ വിപണി വില.
ചൈന തായ്‌ലൻഡ് സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് മാഡ്രിൻ ഓറഞ്ച് എത്തുന്നത്.
അസഹ്യമായ ചൂടുകാരണം തണ്ണിമത്തന് റെക്കോർഡ് വിൽപ്പനയാണെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം ടെമ്പോ കളിലായി അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മാമ്പഴം, തണ്ണിമത്തൻ, ഷമാം, കൈതച്ചക്ക, പപ്പായ, ഓറഞ്ച്, മുസംബി,അനാർ ആപ്പിൾ എന്നിവയ്ക്ക് കടകളിൽ വിൽക്കുന്നതിനേക്കാൾ വില കുറവാണ്. എന്നാൽ ഇതിന് ഗുണമേന്മ കുറവാണെന്ന് പറയപ്പെടുന്നുണ്ട്.
Post a Comment