JHL

JHL

മഞ്ചേശ്വരത്ത് ബി.ജെ.പി.യിൽ പൊട്ടിത്തെറി ; പ്രവർത്തകശില്പശാലയ്ക്കെത്തിയ നേതാക്കളോട് ഒരുവിഭാഗം തട്ടിക്കയറി; ഒടുവിൽ ശില്പശാല നടത്താനാകാതെ നേതാക്കൾ മടങ്ങി

കാസർകോട് : പ്രചാരണം കൊടുന്പിരിക്കൊണ്ടിരിക്കെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ബി.ജെ.പി.യിൽ പ്രതിഷേധസ്വരം. മാസങ്ങൾക്കുമുൻപ്‌ ജില്ലയിലെ ബി.ജെ.പി.യിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങളാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവർത്തകശില്പശാലയ്ക്കെത്തിയ നേതാക്കളോട് ഒരുവിഭാഗം തട്ടിക്കയറി. ഒടുവിൽ ശില്പശാല നടത്താനാകാതെ നേതാക്കൾ മടങ്ങി. ജില്ലാ പ്രസിഡന്റ് മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. പാർട്ടി ജില്ലാകമ്മിറ്റി അംഗമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, ജില്ലാകമ്മിറ്റിയംഗവും തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയും വഹിക്കുന്ന പഞ്ചായത്തംഗം യാദവ ബഡാജെ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല വിളിച്ചത്.

 എന്നാൽ, പരിപാടി ആരംഭിക്കുന്നതിനുമുൻപ്‌ ജില്ലാ കമ്മിറ്റിയംഗങ്ങളായ പദ്മനാഭ കടപ്പുറം, നവീൻരാജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുസംഘം ഹാളിലെത്തി ബഹളമുണ്ടാക്കി. കുറച്ചുകാലമായി പാർട്ടിയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു പരിപാടിയും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.


മഞ്ചേശ്വരത്ത് പ്രാദേശികതലത്തിലെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞതായും പ്രശ്നം എത്രയുംവേഗം പരിഹരിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ പറഞ്ഞു. അതേസമയം, പ്രവർത്തകർ പങ്കുവെച്ചത് ആഭ്യന്തരപ്രശ്നത്തിലെ വികാരം മാത്രമാണെന്ന് പദ്മനാഭൻ കടപ്പുറം പ്രതികരിച്ചു. ഉടൻ പ്രശ്നപരിഹാരമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.





No comments