രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി; ബി.ജെ.പി ഓഫിസുകളിലേക്ക് മാർച്ച് നടത്തും
ന്യൂഡൽഹി(www.truenewsmalayalam.com) : ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയക്കേസിൽ കുറ്റമാരോപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബി.ജെ.പി ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന്, ഡൽഹിയിൽ ഉൾപ്പെടെ ബി.ജെ.പി ഓഫിസുകൾക്ക് സുരക്ഷയേർപ്പെടുത്തി.
കെജ്‌രിവാളിന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമുയരുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ വേട്ടയാടലിന്‍റെ ഭാഗമാണെന്നും ആരോപിച്ച് ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷികൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും.
അതേസമയം, അറസ്റ്റിനെ തുടർന്ന് കെജ്‌രിവാളിന്‍റെ ഹരജി വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി പരിഗണിച്ചേക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന എ.എ.പി അഭിഭാഷകരുടെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നീക്കം.
വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് ഇ.ഡി സംഘം കെജ്‌രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തേ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിച്ചിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യംചെയ്ത് കെജ്രിവാൾ ഡൽഹി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്രിവാൾ.
Post a Comment