ഉയർന്ന താപനില; മുന്‍കരുതല്‍ നിർദേശവുമായി ആരോഗ്യവകുപ്പ്
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുമ്പോള്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങളില്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്താൽ ഉടനടി ചികിത്സ തേടണം. പൊള്ളിയ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം.
ചൂടുകുരു കുട്ടികളെയാണ് ബാധിക്കുന്നത്. അധികം വെയില് ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയില്‍ കുട ഉപയോഗിക്കാം. വെള്ളവും കരുതണം. കടകളില്‍നിന്നും പാതയോരങ്ങളില്‍ നിന്നുമുള്ള ജ്യൂസിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം.
കട്ടി കുറഞ്ഞ, വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
11 മണിമുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില് ഏല്‍ക്കരുത്. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്. വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം.
ക്ഷീണമോ സൂര്യാഘാതമോ തോന്നിയാല്‍ തണലിലേക്ക് മാറി വിശ്രമിക്കണം. മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. പഴങ്ങളും സാലഡുകളും കഴിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയമോ ഉണ്ടായാൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം.
Post a Comment