JHL

JHL

പെൻഷൻ മുടങ്ങിയത് പോലെ മസ്റ്ററിങ്ങിന്റെ പേരിൽ റേഷനും മുടങ്ങാൻ ഇടവരരുത്; മൊഗ്രാൽ ദേശീയവേദി

 

മൊഗ്രാൽ(www.truenewsmalayalam.com) :  സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വയോജനങ്ങളുടെയും മറ്റും പെൻഷൻ മുടങ്ങിയത് പോലെ നിർധനരുടെ റേഷൻ സംവിധാനവും മുടങ്ങുന്ന അവസ്ഥ ഉണ്ടാവരുതെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

 കഴിഞ്ഞ ആറുമാസക്കാലമായി പെൻഷൻ വിതരണമില്ല. ഇതുമൂലം വയോജനങ്ങൾ ഏറെ ദുരിതത്തിലാണ്. റംസാനും, വിഷുവുമൊക്കെ വരുമ്പോഴാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ദുരിതമാകുന്നത്. ഇപ്പോൾ "മസ്റ്ററിംഗ്'' സംവിധാനത്തിന്റെ പേരിൽ റേഷൻ കൂടി മുടങ്ങിയേക്കുമോ എന്ന ഭയം നിർധന കുടുംബങ്ങൾക്കുണ്ട്. മസ്റ്ററിംഗ് നടത്താത്തവർക്ക് ഏപ്രിൽ മുതൽ റേഷൻ മുടങ്ങുമെന്നും അധികൃതർ പറയുന്നുണ്ട്.

 മസ്റ്ററിങ് സമയം വെച്ചിരിക്കുന്നത് റംസാൻ തുടക്കത്തിലാണ്. ഒപ്പം അസഹ്യമായ ചൂടുകാലവും. ഇത് കുടുംബാംഗങ്ങളെ മുഴുവനും റേഷൻ കടയിൽ എത്തിക്കാൻ പ്രയാസമുണ്ടാകും.മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. മസ്റ്ററിങ് സമയം ദീർഘിപ്പിച്ചു നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, ഇതിനായി എംപിമാർ ഇടപെടൽ നടത്തണമെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 നാട്ടിലെ നിർധന രോഗികൾക്ക് സാന്ത്വനം നൽകിക്കൊണ്ടുള്ള റംസാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.

 ട്രഷറർ എച്ച്എം കരീം, വൈസ് പ്രസിഡണ്ട് മാരായ അഷ്റഫ് പെർവാഡ്, അബ്ദുല്ലക്കുഞ്ഞി നടപ്പളം, എക്സിക്യൂട്ടീവ് അംഗങ്ങളായ എഎം സിദ്ധീഖ് റഹ്മാൻ, ടികെ ജാഫർ, എംഎ മൂസ, മുഹമ്മദ് പേരാൽ, ടിഎ ജലാൽ, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജോ: സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.

No comments