കുമ്പളയിൽ പഞ്ചായത്ത് അംഗങ്ങൾക്ക് യാത്രാ ബത്ത ലഭിക്കുന്നില്ലെന്ന് പരാതി
കുമ്പള(www.truenewsmalayalam.com) : പഞ്ചായത്ത് അംഗങ്ങൾക്കുള്ള യോഗങ്ങൾക്ക് ഒരു കുറവുമില്ല, എന്നാൽ യാത്രാ ബത്തയോ അത് കിട്ടാനുമില്ല, കുമ്പള ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾക്കാണ് കഴിഞ്ഞ മൂന്നു വർഷമായി യാത്രാബത്ത ലഭിക്കാത്തത്. കാരണമെന്തെന്ന് ചോദിച്ചാൽ പഞ്ചായത്ത് സെക്രട്ടറി കൈമലർത്തുകയാണത്രെ.
അംഗങ്ങൾ പലപ്രാവശ്യവും വിഷയം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യോഗങ്ങളിൽ പങ്കെടുക്കാനുള്ള ഭാരിച്ച ചിലവ് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നുവെന്ന് കാണിച്ചായിരുന്നു അംഗങ്ങൾ സെക്രട്ടറിയെ കണ്ടത്.
ഇപ്പോൾ അംഗങ്ങൾക്ക് പ്രതിമാസ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. തുച്ഛമായ ഓണറേറിയം കൊണ്ട് ഒന്നിനും തികയുന്നില്ലെന്ന് അംഗങ്ങൾ പറയുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി മാസംതോറും പഞ്ചായത്ത് അംഗങ്ങൾക്കും, പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും യോഗങ്ങൾ ഉണ്ടാകാറുണ്ട്.ഒപ്പം പരിശീലന പരിപാടികളും.
യാത്രാബത്ത ലഭിക്കാത്തതിനാൽ ബസ്, ഓട്ടോ ചാർജ്ജും മറ്റും കയ്യിൽ നിന്ന് തന്നെ കൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് അംഗങ്ങൾ പറയുന്നു.
പഞ്ചായത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ചില സമയങ്ങളിൽ വകുപ്പുതല ചർച്ചകൾക്കായി ഭരണസമിതി അംഗങ്ങൾക്ക് തിരുവനന്തപുരം വരെ പോകേണ്ടിവരുന്നു.
എന്നാൽ ഇതിനും യാത്രാമത്തെ ഇല്ലാത്തതിനാൽ കയ്യിൽ നിന്ന് തന്നെ കാശു മുടക്കിയാണ് പോകേണ്ടി വരുന്നത്. അംഗങ്ങളുടെ പരാതിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് ആവശ്യം.
Post a Comment