JHL

JHL

റിയാസ് മൗലവി വധം; പ്രതികളെ വെറുതെ വിട്ട കോടതി വിധി ക്രിമിനലുകൾക്ക് പ്രചോദനമാകും - വെൽഫെയർ പാർട്ടി

കാസറഗോഡ്(www.truenewsmalayalam.com) : 2017 മാർച്ച് 20 ന് പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെന്ന മദ്രസാധ്യാപകനെ നിഷ്ഠൂരം കഴുത്തറുത്ത് കൊന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയായിരുന്ന ആർ എസ് എസ് പ്രവർത്തകരായ പ്രതികളെ - അജേഷ്, നിതിൻ , അഖിലേഷ് - ഏറെ തെളിവുകളുണ്ടായിട്ടും വെറുതെ വിട്ട കോടതി വിധി വിചിത്രവും അമ്പരപ്പിക്കുന്നതാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 

തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോർ സൈക്കിൾ മകന്‍റേതാണെന്ന് മൂന്നാം പ്രതിയുടെ അമ്മ തന്നെ സമ്മതിച്ചിട്ടുണ്ട്.

റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയിൽ നിന്നുള്ള ഫൈബർ കണ്ടന്‍റ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. 

ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് 

കേരളത്തിൽ പൊതുവിലും കാസർഗോഡ് പ്രത്യേകിച്ചും സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതാണെന്ന ആഷങ്ക എക്സിക്യുട്ടീവ് പങ്ക് വെച്ചു. 

കൃത്യം ചെയ്ത 3 പേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തിരിക്കുന്നത്. അതിൻ്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയിൽ കണ്ടത്. 

സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷൻ ഉത്തരം പറയണം. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഈ സംഭവത്തിന് ഉത്തരവാദികളാണ്.

ആർ എസ് എസ്സുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽ നിന്ന് ഉദാസീന നിലപാടുകൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല.

 സാധാരണ കൊലപാതക കേസുകളിൽ കീഴ്ക്കോടതികൾ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്.

 പിന്നീട് മേൽക്കോടതികളിലെ വിചാരണ നടപടിക്രമങ്ങളിൽ ശിക്ഷകൾ ലഘൂകരിക്കപ്പെടാറുണ്ട്. എന്നാൽ ആർ എസ് എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴക്കോടതികൾ തന്നെ ഏറ്റവും ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ കുറ്റവിമുക്തരായി പ്രഖ്യാപിക്കുകയോ ചെയ്യുന്നത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ആദ്യം ബാധിക്കുന്നത്.

 റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിൽ ഉപരി സമൂഹത്തിൽ വംശീയ കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്.

 കോടതികൾ നീതിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമാവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ ശക്തികൾക്ക് ക്ളീൻ ചിറ്റ് നൽകി വരുന്ന പ്രവണതകൾ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. 

റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നു. നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ സർവ പിന്തുണയും തുടർന്നും ഉണ്ടായിരിക്കും.

വെൽഫെയർ പാർട്ടി ആക്ടിങ് പ്രസിഡന്റ് സി എച്ച് മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ഹമീദ് കക്കണ്ടം, മജീദ് നരിക്കോടൻ, സഫിയ സമീർ, അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് പടന്ന സ്വാഗതവും സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

No comments