ഉപ്പളയിലെ ഗുണ്ടാ വിളയാട്ടം ; അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നതായി പരാതി
പന്ത്രണ്ട് ദിവസം മുമ്പ് ഉപ്പള ടൗണിൽ വച്ച് മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫയെ കാറിലെത്തിയ ഒരു സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം കഴിഞ്ഞ് പന്ത്രണ്ടു ദിവസമായിട്ടും പൊലീസിന് ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെന്ന്
മുസ്തഫയുടെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുണ്ടാക്കിയ ബഹുജന കൂട്ടായ്മ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലത്രെ.
ആരെയോ തൃപ്തിപ്പെടുത്താനാണ് പോലീസ് കേസിൽ വേണ്ട ഗൗരവം എടുക്കാതിരിക്കുന്നത് എന്ന് ഭാരവാഹികൾ ആരോപിച്ചു. സംഭവസ്ഥലത്ത് എസ് ഐ ഉൾപ്പെടെയുള്ള ഏതാനും പോലീസുകാർ വന്നു പോയതല്ലാതെ വേണ്ട രീതിയിൽ അന്വേഷണം നടത്തിയിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത കടകളിലും ഫ്ലാറ്റുകളിലും സിസി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ശേഖരിക്കാനോ അന്വേഷണം നടത്താനോ മഞ്ചേശ്വരം പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കർണാടക രജിസ്ട്രേഷൻ ഉള്ള വെളുത്ത ആൾട്ടോ കാറിലാണ് പ്രതികൾ എത്തിയത്. മുഖംമൂടിയും ഹെൽമറ്റും ധരിച്ച് എത്തിയ നാലുപേരാണ് മുസ്തഫയെ വെട്ടിടിപ്പരിക്കേൽപ്പിച്ചത്. കൂടാതെ മറ്റ് ഏതാനും വാഹനങ്ങളും ഇവരെ സഹായിക്കാൻ ഉണ്ടായിരുന്നതായി മുസ്തഫ മൊഴി നൽകിയിട്ടുണ്ട്.
ഈ കാറുകളെ കുറിച്ച് അന്വേഷിക്കാനും പോലീസ് തയ്യാറായിട്ടില്ലത്രെ.
സംശയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ ഏതാനും ആളുകളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും കേസിന്റെ പുരോഗതി പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേസിലെ പുരോഗതി അന്വേഷിച്ചു പോകുന്ന ബന്ധുക്കളോട് പല മുടന്തൻ ന്യായങ്ങളും പറഞ്ഞു തിരിച്ചയക്കുകയാണെന്നും അവർ ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഉപ്പളയിൽ സമാനരീതിയിൽ ഫൈസൽ എന്ന ഒരു എസ്ഡിപിഐ പ്രവർത്തകനെയും സമാന രീതിയിൽ അതേ ദിവസം തന്നെ മറ്റൊരു അയ്യപ്പ ഭക്തനെയും
വാഹനങ്ങളിൽ എത്തിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഗുണ്ടാ ആക്രമണ പരമ്പരകൾ
ഒന്നിന് പിറകെ ഒന്നായി നടക്കുമ്പോഴും അതിനെതിരെ കണ്ണടക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പരിക്കേറ്റ മുസ്തഫയുടെ സഹോദരങ്ങളായ അബ്ദുൽ ആരിഫ്, അബ്ദുസമദ്, നാട്ടുകാരായ അഷറഫ്, മുഹമ്മദ് സൽമാൻ, അംസു മേനത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു
Post a Comment