JHL

JHL

മംഗളുരു വെടിവെയ്പ് പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ജുഡീഷ്യലന്വേഷണം വേണം - ഹമീദ് വാണിയമ്പലം

കാസർഗോഡ് : മംഗളുരുവിൽ പൌരത്വ സംരക്ഷണങ്ങളോടനുബന്ധിച്ച് നടന്ന പോലീസ് വെടിവെയ്പ് സംബന്ധിച്ച് അതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം മംഗളുരു സന്ദർശിച്ചു മടങ്ങിയ ശേഷമായിരുന്നു വാർത്താ സമ്മേളനം. മംഗളുരു സിറ്റി പോലീസ് കമ്മീഷണർ പി.എസ് ഹർഷയുടെ നേതൃത്വത്തിൽ പോലീസ് നേരിട്ടാണ് അക്രമങ്ങൾ നടത്തിയത്. ഒരു വെടിവെയ്പിൻറേതായ യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഏകപക്ഷീയമായാണ് പോലീസ് വെടിയുതിർത്തത്. വെടിവെയ്പിൽ മരണമടഞ്ഞ രണ്ട് പേരും പ്രക്ഷോഭത്തിൽ പങ്കെടുത്തവരല്ലായിരുന്നു. രണ്ട് കുടുംബങ്ങളുടെ ആശ്രയങ്ങളെയാണ് വംശീയ വെറിയിൽ കർണാടക ഭരണകൂടം ഇല്ലാതാക്കിയത്, ഈ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. മംഗളുരുവിൽ നിന്ന് വസ്തുതകൾ പുറത്തു വരുന്നത് കർശനമായി തടഞ്ഞിരിക്കുകയാണ് സത്യസന്ധമായി വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തരെ ഭീഷണിപ്പെടുത്തുന്നു. ഇതിൻറെ ഭാഗമാണ് മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തിയത്. സർക്കാർ-പോലീസ് ഭാഷ്യം മാത്രമാണ് പുറത്തേക്ക് വരുന്നത്. എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കികൊല്ലാനുള്ള നീക്കമാണ് കർണാടക സർക്കാരിന്‍റേത്. രാജ്യവ്യാപകമായി എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകും. എൻ.ആർ.സിക്കെതിരെ നിലാപാടുള്ള കേരള സർക്കാർ കേരളത്തിലെ എൻ.ആർ.സി വിരുദ്ധ സമരത്തെ അടിച്ചമർത്തുകയും സമരക്കാരെ ജയിലിലടക്കുകയും ചെയ്യുന്നത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മംഗളുരുവിൽ വെടിവെയ്പിൽ കൊല്ലപ്പെട്ട ജലീൽ, നൌഷീൻ എന്നിവരുടെ വീടുകളും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരേയും പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, ഫ്രട്ടേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡണ്ട് അൻസാർ അബൂബക്കർ , ഫ്ട്ടേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വാർത്താ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, ജില്ലാ വെെസ് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments