JHL

JHL

പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് ഹര്‍ത്താല്‍

 കാസര്‍കോട്: (True News 14 December 2019): പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ നടത്തുമെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണെന്നും നേതാക്കള്‍ പറഞ്ഞു.

മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലികള്‍ക്ക് നിഷേധിക്കുക എന്ന ആര്‍എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുകയാണ്. ഭരണഘടനയുടെ മരണമാണിതെന്നും സംയുക്ത സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്.

വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേകര, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, വെല്‍ഫയര്‍ പാര്‍ട്ടി സെക്രട്ടറി പി കെ അബ്ദുല്ല, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ കുമ്പള എന്നിവര്‍ സംബന്ധിച്ചു.


No comments