JHL

JHL

പൗരത്വ ബിൽ; ഇന്ത്യ പ്രതിഷേധാഗ്നിയിൽ ; നിരവധി പ്രമുഖർ അറസ്റ്റിൽ

ന്യൂഡൽഹി(True News 19 December 2019): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര രംഗത്തിറങ്ങിയതിന് രാഷ്ട്രീയ സാംസ്കാരിക നേതാക്കളും നൂറുകണക്കിന് വിദ്യാർഥികളും ഡൽഹിയിലും രാജ്യത്താകമാനവും അറസ്റ്റിലായി. സമരത്തി​​​ന്‍റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും ഇന്‍റർനെറ്റ് ബന്ധം വിഛേദിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, വൃന്ദ കാരാട്ട്, ആനി രാജ, യോഗേന്ദ്ര യാദവ്, വിദ്യാർഥി നേതാവ് ഉമർ ഖാലിദ് തുടങ്ങിയവർ അടക്കം പൊലീസ് കസ്റ്റഡിയിലാണ്. യു.പി തലസ്ഥാനമായ ലഖ്നോവിൽ വ്യാപക സംഘർഷം തുടരുന്നു. മൂന്ന് സർക്കാർ ബസുകൾക്കും പൊലീസ് എയ്ഡ്പോസ്റ്റിനും തീയിട്ടു.
ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ മണ്ഡി ഹൗസിൽ നിന്ന് നടത്താനിരുന്ന മാർച്ചും ഇന്ത്യാ ഗേറ്റിലുണ്ടായ പ്രതിഷേധ ഒരുക്കങ്ങളും നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് നേരിട്ടു. പ്രതിഷേധക്കാർ ഒരുമിച്ച് കൂടാതിരിക്കാൻ ഡൽഹിയിലേക്കുള്ള പ്രധാന പാതകളടക്കമുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. ജാമിഅ വിദ്യാർഥികളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചെങ്കോട്ടയിലേക്ക് ‘ചലോ ലാൽകില’ മാർച്ച് നടത്തി. ചെങ്കോട്ടയിൽ നിരവധി വിദ്യാർഥികളും മണ്ഡി ഹൗസിൽ ഇടതു പ്രവർത്തകരും പൊലീസ് കസ്റ്റഡിയിലായി. ഇൻറർനെറ്റ് നിയന്ത്രണം സർക്കാർ നിർദേശപ്രകാരമാണെന്ന് എയർടെൽ കമ്പനി ഉപയോക്താക്കളെ അറിയിച്ചു.

No comments