JHL

JHL

ആവശ്യത്തിന് ജീവനക്കാരില്ല. കുമ്പള പഞ്ചായത്ത് ഓഫീസ് പ്രവർത്തനം അവതാളത്തിൽ;ഭരണ സമിതി അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി.


കുമ്പള(True News 18 December 2019): കുമ്പള പഞ്ചായത്ത് ഓഫീസിൽ  ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരെ  അടിക്കടി സ്ഥലം മാറ്റിയും  ഭരണസ്തംഭനം സൃഷ്ടിക്കുന്ന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഭരണ സമിതി അംഗങ്ങൾ  കുമ്പള പഞ്ചായത്ത് ഓഫിസിനു  മുന്നിൽ ധർണ്ണ നടത്തി.ഇപ്പോഴത്തെ  ഭരണ സമിതി അധികാരമേറ്റത്തിന് ശേഷം എട്ടാമത്തെ സെക്രട്ടറിയാണ് കുമ്പള പഞ്ചായത്തിൽ നിലവിലുള്ളത്. ഫെബ്രുവരിയിൽ സർവീസ് അവസാനിക്കുന്ന സെക്രട്ടറി ഇപ്പോൾ അവധിയിൽ പോയിരിക്കുകയാണ് .ഒരു വർഷം മുൻപ് വന്ന അസിസ്റ്റന്റ് സെക്രട്ടറിക്കും  സ്ഥലം മാറ്റത്തിനുള്ള ഉത്തരാവായിട്ടുണ്ട്. ജൂനിയർ സൂപ്രണ്ടും അവധിയിൽ പോയിരിക്കുകയാണ്. അഞ്ച് യു.ഡി. ക്ലർക്കുമാർ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. അതിൽ രണ്ട് പേരും അവധിയിലാണ്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന സാധാരണക്കാർക്കും  പദ്ധതി നിർവ്വഹണത്തിനും തടസ്സമാക്കുന്ന തരത്തിൽ  സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താത്തതിൽ പ്രതിഷേധിച്ചാണ്  ഭരണസമിതി അംഗങ്ങൾ സമരത്തിന് ഇറങ്ങിയത്.  എൻഞ്ചിനിയറിംഗ് വിഭാഗത്തിൽ ക്ലർക്ക് നിയമനം നടത്താതെ രണ്ട് വർഷത്തിലേറെയായി.പദ്ധതി പ്രവർത്തനങ്ങളും മറ്റും നേതൃത്വം വഹിക്കേണ്ട അസിസ്റ്റന്റ് എൻഞ്ചിനിയർമാരടക്കം  താത്കാലിക ജീവനക്കാരെന്നതും ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.   ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചായത്തായ കുമ്പള പഞ്ചായത്ത്  ഓഫീസ് പ്രവർത്തനത്തെ ഉദ്യോഗസ്ഥ ക്ഷാമം  അവതാളത്തിലാക്കിയിരിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങൾ ആരോപിച്ചു.വളരെ അടുത്ത ദിവസം തന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഡി.ഡി.പി ഓഫീസ് ഉപരോധം, പ്രതീകാത്മക ഓഫീസ് അടച്ചിടൽ സമരം, സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത  പ്രസിഡന്റ് കെ.എൽ. പുണ്ടരീകാക്ഷ പറഞ്ഞു.  വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എൻ. മുഹമ്മദലി, എ.കെ. ആരിഫ് ,ഫാത്തിമ അബ്ദുല്ല കുഞ്ഞി, മറിയമ്മ മൂസ, ഹഫ്സ ഷംസുദ്ധീൻ, സുഹറ ബി.എ റഹ്മാൻ, സൈനബ, അരുണ എം. ആൾവ, മുരളിധരയാദവ്, രമേശ് ഭട്ട്, മുഹമ്മദ് കുഞ്ഞി, ഖൈറുന്നിസ ഖാദർ, ആയിഷ മുഹമ്മദ്, സുജിത്ത് റൈ, സുധാകര കാമത്ത്, ഹരീഷ്, പുഷ്പലത  പ്രസംഗിച്ചു.

No comments