JHL

JHL

വിട്‌ല കന്യാനക്കു സമീപം ഒഡിയൂരിൽ കുന്നിടിഞ്ഞു മണ്ണിനടിയിൽപ്പെട്ട് 3 നിർമാണ തൊഴിലാളികൾ മരിച്ചു

ഹൊസങ്കടി (True News 8 December 2019): വിട്‌ല കന്യാനക്കു സമീപം ഒഡിയൂരിൽ കുന്നിടിഞ്ഞു മണ്ണിനടിയിൽപ്പെട്ട് 3 നിർമാണ തൊഴിലാളികൾ മരിച്ചു. വിട്‌ല അലങ്കാറിലെ ബലപ്പ നായിക് (56), മാനിലയിലെ പ്രകാശ് (43), വി‍ട്‍ല പദ്നൂർ കാപ്പുമജലിലെ രമേഷ് (50) എന്നിവരാണു മരിച്ചത്. മറ്റൊരു തൊഴിലാളി ഉള്ളാൾ കുത്താറിലെ പ്രഭാകറിനെ സാരമായ പരുക്കുകളോടെ ദർലക്കട്ട കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുന്ന് ഇടിഞ്ഞപ്പോൾ ഇളകി വീണ വലിയ കല്ലു തലയിൽ വീണാണു പ്രഭാകറിനു പരുക്കേറ്റത്. കെട്ടിട നിർമാണത്തിനായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുന്നിടിച്ച് നിരപ്പാക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 5.30നാണ് അപകടം. മണ്ണു നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പണി നടന്നുകൊണ്ടിരിക്കെ കുന്നിന്റെ ഒരു ഭാഗം അപ്പാടെ ഇടിയുകയായിരുന്നു.  മണ്ണിടിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച നാട്ടുകാർ പ്രഭാകറിനെ ആശുപത്രിയിലെത്തിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ 2 മണിക്കൂറോളം പരിശ്രമിച്ചാണ് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ദർലക്കട്ട കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിട്‌ല പൊലീസ് കേസെടുത്തു.

No comments