JHL

JHL

യു.ഡി.എഫ് പ്രതിനിധി സംഘം മംഗളൂരു സന്ദര്‍ശിച്ചു; പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കാസര്‍കോട്(True News 23 December 2019): പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ് പത്ത് പേർ ചികിത്സയിലുണ്ടെന്നും ഇതിൽ നാലു പേർക്ക് ഗുരുതര പരിക്കാണുള്ളതെന്നും മംഗളൂരുവിൽ സന്ദർശനം നടത്തിയ ‍യു.ഡി.എഫ് പ്രതിനിധി സംഘം.  പൊലീസ് മേധാവികളുമായി ചർച്ച നടത്തിയ സംഘം മംഗളൂരുവിലെ മലയാളികളടക്കമുള്ളവർക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്ന് മംഗളൂരുവിലെത്തിയിരുന്നു.
കോൺഗ്രസ് എംപിമാരായ കെ സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മുസ്ലിം ലീഗ് എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, എൻ.എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുല്ല, എംസി ഖമറുദ്ദീൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിന്റേയും നൗഷീന്റേയും വീട്ടിലെത്തിയ സംഘം ബന്ധുക്കളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസ് നടപടിയിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സംഘം ആശുപത്രിയിലെത്തി കണ്ടു. കർണാടക എഡിജിപിയുമായും മംഗളൂരു സിറ്റി പൊലീസ് കമ്മീഷ്ണറുമായും ചർച്ച നടത്തിയ സംഘം, മലയാളികളടക്കമുള്ളവർക്കെതിരെ ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.
മംഗളൂരുവിലെത്തിയ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ കൊലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസിന്റെ സഹായധനം കൈമാറി. സംഭവത്തിൽ സിഐഡി അന്വേഷണം അല്ല ജൂഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും ഇതിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മംഗളൂരുവിൽ നിരോധനാജ്‍ഞ നാളെ രാവിലെ ആറു മണിവരെ തുടരുമെന്നും സാഹചര്യം വിലയിരുത്തിയതിന് ശേഷം പിൻവലിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

No comments