JHL

JHL

ഷിറിയ പുഴ ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു നദികളിൽ നിന്നും മണലെടുക്കാൻ അനുമതി

തിരുവനന്തപുരം (True News,Dec 29,2019): ഷിറിയ പുഴ ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു നദികളിൽ നിന്നും മണലെടുക്കാൻ അനുമതി. നദികളിൽ  അടിഞ്ഞുകൂടിയ മണലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ്  സർക്കാർ അനുമതി നൽകുന്നത് . പ്രളയശേഷം എട്ടുപ്രധാന നദികളിലായി 22.67 ലക്ഷം ക്യുബിക് മീറ്റർ മണൽ അടിഞ്ഞുകൂടിയതായാണ് കണക്കാക്കുന്നത്. ഇതിൽ 7.56 ലക്ഷം ക്യുബിക് മീറ്റർ മണൽ അടിയന്തരമായി വാരാനുള്ള മാർഗരേഖ റവന്യൂ വകുപ്പ് തയ്യാറാക്കി.
അടുത്തമഴക്കാലത്തിനുമുമ്പ് നദികളിൽനിന്ന് മണലും മാലിന്യങ്ങളും നീക്കംചെയ്യുകയാണ് ലക്ഷ്യം. പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ഇളവനുവദിക്കും. ദുരന്തനിവാരണ നിയമങ്ങളനുസരിച്ചുള്ള സംരക്ഷണവും ഒരുക്കും.
ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ സമിതി തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ചാണ് കടലുണ്ടി, ചാലിയാർ, വളപട്ടണം, ഷിറിയ, പെരിയാർ, മൂവാറ്റുപുഴ, പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽനിന്ന് മണൽ നീക്കംചെയ്യാനുള്ള തീരുമാനം. മൂന്നുവർഷത്തിലൊരിക്കൽ മഴക്കാലത്തിന് മുമ്പും പിമ്പും നടത്തുന്ന മണൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നദികളിൽ അടിഞ്ഞ മണലിന്റെ അളവും വാരിമാറ്റാവുന്ന തോതും തിട്ടപ്പെടുത്തുന്നത്.
എന്നാൽ, പ്രളയ പശ്ചാത്തലത്തിൽ അടിഞ്ഞുകൂടിയ മണലിന്റെ മൂന്നിലൊന്നും വാരിമാറ്റണമെന്നാണ് സെക്രട്ടറിതല സമിതി ശുപാർശ. ദുരന്തനിവാരണ നിയമങ്ങൾകൂടി പരിഗണിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


മാർഗനിർദേങ്ങൾ

* വേനൽക്കാലത്തെ ജലനിരപ്പിന് താഴേക്ക് മണൽ വാരൽ പാടില്ല.
* യന്ത്രം ഉപയോഗിക്കരുത്.
* ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കളക്ടർ തുടങ്ങിയവരുടെ നിയന്ത്രണം ഉറപ്പാക്കണം.
* തീരത്തോടടുത്ത് മണൽവാരൽ അനുവദിക്കില്ല. തീരത്തുനിന്ന് മൂന്നുമീറ്ററോ നദിയുടെ വീതിയുടെ പത്തുശതമാനമോ ഏതാണോ കുറവ് അത്രയും സ്ഥലം ഒഴിവാക്കണം.
* പാലങ്ങളിൽ നിന്നും മറ്റ് നിർമാണങ്ങളിൽ നിന്നും 500 മീറ്റർ മാറിവേണം ഖനനം.
* നദീജലം ഉപ്പുവെള്ളവുമായി കലരുന്നിടത്ത് അനുമതി നൽകില്ല.
മണൽവാരലിന്റെ അളവ്
 
വേനൽക്കാല ജലനിരപ്പിനുമുകളിലെ മണൽ(മീറ്റർ ക്യൂബിൽ) വാരാൻ അനുമതിയുള്ളത് (ലക്ഷം മീറ്റർ ക്യൂബിൽ)

ഷിറിയ      796796 2.66
വളപട്ടണം 58306 0.19
ചാലിയാർ 514883 1.72
കടലുണ്ടി 276194 0.92
പെരിയാർ (ഇടുക്കി) 294 0.00098
പെരിയാർ (എറണാകുളം) 222708 0.74
മൂവാറ്റുപുഴ 175677 0.59
പമ്പ 192856 0.64
അച്ചൻകോവിൽ 29742 0.10

No comments