തിരുപ്പിറവി ഘോഷിച്ച് ലോകം ക്രിസ്തുമസ് ആഘോഷത്തിൽ : മാന്യ വായനക്കാർക്ക് ട്രൂ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ
മംഗളൂരു /കാസറഗോഡ് (True News, Dec25,2019) : യേശുക്രിസ്തുവിന്റെ തിരുപ്പിറവിദിനത്തിൽ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി.
കേരളത്തിൽ ആഹ്ലാദത്തോടെ ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്തുമസ് നക്ഷത്രങ്ങളും പുൽകൂടുകളും സാന്താക്ളോസുകളുമായി അത്യാഹ്ലാദത്തോടെയാണ് മലയാളികൾ ക്രിസ്ത്മസ് കൊണ്ടാടുന്നത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.
മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലും ആഘോഷങ്ങൾ നടക്കുന്നു. വിവിധ പള്ളികളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകൾ നടന്നു. പലസ്ഥലങ്ങളിലും പുൽകൂടുകളും സാന്തോക്ളോസുകളും ഉണ്ടായിരുന്നു. കരോൾ പാട്ടുകളോടെ കുട്ടികൾ വീടുകൾ കയറിയിറങ്ങി ക്രിസ്മസ് സന്ദേശങ്ങൾ കൈമാറി.
കുമ്പള സെന്റ് മോണിക്ക ചർച്ചിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ദൈവപുത്രന്റെ ജന്മദിനം അനുസ്മരിച്ചു രാത്രി കരോൾ ഗീതങ്ങളും ഉണ്ടായിരുന്നു. കുമ്പളയിൽ കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ ദൈവ വാക്യങ്ങൾ വിളംബരം ചെയ്ത്കൊണ്ട് കുട്ടികളും വിശ്വാസികളും നഗര പ്രദക്ഷിണം നടത്തി.
വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുർബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്.
വത്തിക്കാനിൽ മാർപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുർബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.
Post a Comment