JHL

JHL

പൗരത്വ ഭേദഗതി ബില്‍; രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു, പ്രതിഷേധം ശക്തമാകുന്നു

ന്യൂ ഡെൽഹി (True News 12 December 2019):പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി.പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞു. അസമിലെ പത്ത് ജില്ലകളില്‍ ഇതിനോടകം ഇന്‍റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ഒപ്പം ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ കര്‍ഫ്യൂ തുടരാനാണ് തീരുമാനമെന്ന് അസം ഡി.ജി.പി ഭാസകര്‍ ജ്യോതി മഹങ്ക്ര്‍ പറഞ്ഞു.
അസമില്‍ 150 സൈന്യത്തെ വൈകാതെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ത്രിപുരയില്‍ ഇതിനോടകം സൈന്യത്തെ വിന്യസിച്ച് കഴിഞ്ഞു. വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു. വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൌരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.

No comments