JHL

JHL

പൗരത്വ നിയമഭേദഗതിക്കെതിരേ കാസർകോട് നഗരസഭ പ്രമേയം പാസാക്കി

കാസർകോട്(True News 11 January 2020): പൗരത്വ നിയമഭേദഗതിക്കെതിരേ കാസർകോട് നഗരസഭ പ്രമേയം പാസാക്കി. ഹാജരായ 35 പേരിൽ 24 അംഗങ്ങളുടെ പിന്തുണയിലാണ് പ്രമേയം പാസായത്. ഭരണപക്ഷമായ യു.ഡി.എഫും നാല് സ്വതന്ത്രരും പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷമായ ബി.ജെ.പി. വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് പ്രമേയാവതരണത്തിനായി അടിയന്തര കൗൺസിൽ ചേർന്നത്. മുസ്‌ലിം ലീഗിലെ ഹമീദ് ബദിരയാണ് അഞ്ചുവരി പ്രമേയം വായിച്ചത്. പ്രമേയം അവതരിപ്പിച്ചതോടെ ബി.ജെ.പി. പ്രതിനിധികൾ പ്രതിഷേധവുമായി നടുക്കളത്തിലിറങ്ങി. പ്രമേയം കീറിയെറിഞ്ഞ ബി.ജെ.പി. അംഗങ്ങൾ പൗരത്വനിയമഭേദഗതിയെ പിന്തുണയ്ക്കുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ഇതോടെ യു.ഡി.എഫ്. പ്രതിനിധികൾ പൗരത്വനിയത്തിനെതിരേ മുദ്രാവാക്യങ്ങളുയർത്തി. 15 മിനിട്ട് പ്രതിഷേധത്തിന് ശേഷം ബി.ജെ.പി. പ്രതിനിധികൾ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയി.
പ്രമേയത്തെ മുജീബ് തളങ്കര പിന്താങ്ങി. പ്രമേയത്തെ പിന്തുണച്ച് സി.പി.എം. അംഗം കെ.ദിനേശ്, കോൺഗ്രസ് അംഗം എസ്.രഹ്‍‍ന, മുസ് ലിം ലീഗ് അംഗം ആർ.റീത്ത, സ്വതന്ത്രഅംഗങ്ങളായ മുഹമ്മദ് ഹാരിസ് ബന്നു, റാഷിദ് പൂരണം, ഹനീഫ, കംപ്യൂട്ടർ മൊയ്തീൻ എന്നിവർ സംസാരിച്ചു. പ്രമേയത്തിന്റെ കോപ്പി രാഷ്ട്രപതിക്കും സുപ്രീകോടതിക്കും അയച്ചുകൊടുക്കണമെന്ന് ഹാരിസ് ബന്നു ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രതിഷേധിക്കുമെന്നറിയിച്ചതിനാൽ നഗരസഭയ്ക്ക് പുറത്ത് പോലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നു.
38 അംഗ കൗൺസിലിൽ 35 പേരാണ് ഹാജരായത്. പ്രതിപക്ഷ നേതാവ് ബി.ജെ.പി.യുടെ പി.രമേശ്, കെ.എസ്.ജയപ്രകാശ്, മുസ് ലിം ലീഗിലെ ഹാജറാ മുഹമ്മദ്കുഞ്ഞി എന്നിവർ യോഗത്തിനെത്തിയില്ല.

No comments