JHL

JHL

കർണ്ണാടകയിൽ നിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്ന ബൈക്ക് മറിഞ്ഞ് മോഷ്ടാവ് പോലീസ് കാവലിൽ ചികിത്സയിൽ; മംഗളൂരുവിലെ അർഷാദിന്റെതാണ് മോഷണം പോയ ബൈക്ക്

കാഞ്ഞങ്ങാട്(True News 7 January 2020): കർണ്ണാടകയിൽ  നിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. കൊല്ലം കൊട്ടാരക്കരയിലെ ശ്രീജിത്തി(35)നാണ് പരിക്ക്. ശ്രീജിത്ത് പൊലീസ് കാവലില്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. ശ്രീജിത്ത് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച് സ്‌കൂട്ടറില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട് പാലത്തിലെ നടപ്പാതയിലിടിച്ച് മറിയുകയായിരുന്നു. തെറിച്ചുവീണ് പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാരാണ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ നമ്പറില്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തി. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഫോണ്‍ നമ്പര്‍ എഴുതിയ കടലാസും പൊലീസിന് ലഭിച്ചു. ഈ നമ്പറില്‍ പൊലീസ് വിളിച്ചപ്പോള്‍ സ്‌കൂട്ടര്‍ മംഗളൂരുവിലെ അര്‍ഷാദിന്റേതാണെന്ന് വ്യക്തമായി. തന്റെ സ്‌കൂട്ടര്‍ മോഷണം പോയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മംഗളൂരു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ഷാദ് ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചു. പൊലീസ് നിര്‍ദേശപ്രകാരം അര്‍ഷാദ് കാഞ്ഞങ്ങാട്ടെത്തുകയും ബൈക്ക് തന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ മംഗളൂരു പൊലീസ് അടുത്ത ദിവസം കാഞ്ഞങ്ങാട്ടെത്തുമെന്നാണ് സൂചന.

No comments