JHL

JHL

നമ്മൾ ഒന്ന് ; ഫാസിസത്തിനെതിരെ കാസറഗോഡ് ടൗണിൽ സാഹിത്യ വേദിയുടെ സാംസ്ക്കാരിക പ്രതിരോധം



  കാസര്‍കോട്(True News 4 January 2020):  ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ പൗരത്വനിയമത്തിനെതിരെ വിവിധ സാംസ്‌കാരിക സംഘടനകളെ ഏകോപിപ്പിച്ച് കാസര്‍കോട് സാഹിത്യവേദി ശനിയാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത്സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിച്ചു. പരിപാടി ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ-പാക് വിഭജനം സൃഷ്ടിച്ച വിപത്തുകളെക്കാള്‍ വലിയ ദുരന്തമാണ് പൗരത്വനിയമത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. നാളിതുവരെ നമ്മള്‍ ഒന്നായിരുന്നു. ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. നമ്മള്‍ ഒന്നാണോ എന്ന് സംശയിക്കാവുന്ന അവസ്ഥയിലേക്കാണ് നാട് ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ നമ്മള്‍ ഒന്നാണെന്ന ഉറച്ചബോധ്യത്തോടെ തന്നെ മുന്നോട്ടുനീങ്ങണമെന്ന് അംബികാസുതന്‍ പറഞ്ഞു.
 

സ്വന്തമായി ഡിഗ്രി സര്‍ട്ടിഫിക്കറ്റുപോലുമില്ലാത്തവരാണ് രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ രേഖ ചോദിക്കുന്നതെന്നത് ഏറ്റവും വലിയ തമാശയാണ്. ഈ മണ്ണില്‍ പിറക്കുകയും വളരുകയും ചെയ്ത ജനങ്ങള്‍ തങ്ങള്‍ പൗരന്‍മാരാണെന്നതിന് ഒരുഭരണകൂടത്തിന് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് വല്ലാത്തൊരു ഗതികേട് തന്നെയാണ്. വൈക്കം ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന കഥയില്‍ തന്റെ പൗരത്വം എന്താണെന്നറിയാതെ വിഷമിക്കുന്ന ഒരു അനാഥനെക്കുറിച്ച് പറയുന്നുണ്ട്. എനിക്കാരുമില്ല എന്നാണ് അയാള്‍ സങ്കടത്തോടെ പറയുന്നത്. അപ്പോള്‍ ബഷീര്‍ മറ്റൊരു കഥാപാത്രത്തിലൂടെ അനാഥനോട് ചോദിക്കുന്നത് നിനക്ക് പൊക്കിള്‍ ഉണ്ടോ എന്നാണ്. ഉണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ പിന്നെ എങ്ങനെ അനാഥനാകുമെന്നാണ് ബഷീര്‍ ചോദിക്കുന്നത്. ഒരുവ്യക്തിയുടെ ഏറ്റവും വലിയ പൗരത്വത്തിന്റെ അടയാളം തന്നെയാണ് പൊക്കിളെന്ന് എത്രയോ കാലം മുമ്പ് ബഷീര്‍ നമ്മളോട് പറഞ്ഞിരിക്കുന്നുണ്ട്. പൊക്കിളുണ്ടെങ്കില്‍ ആ വ്യക്തിക്ക് അമ്മയും അച്ഛനും ഉണ്ടെന്നും അതുവഴി ഈ ലോകത്തിലെ എല്ലാവരും ബന്ധുക്കള്‍ തന്നെയാണെന്നും ബഷീര്‍ ഒരുകഥാപാത്രത്തിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നു. അതിനപ്പുറം ഒരുരേഖയും പൗരത്വത്തിന് ആവശ്യമില്ല.
ജനങ്ങളെ മതപരമായി വിഭജിച്ചുനിര്‍ത്താനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും അകറ്റിനിര്‍ത്താനുമാണ് ഫാസിസം ശ്രമിക്കുന്നത്. പുലയനോട് ബ്രാഹ്മണ ശ്രേഷ്ഠന്‍ നീചമായി പെരുമാറുന്നത് എങ്ങനെയാണെന്ന് പൊട്ടന്‍ തെയ്യത്തിന്റെ വാക്കുകള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു. പുലയനോട് വഴിമാറിപ്പോ എന്ന് ബ്രാഹ്മണ ശ്രേഷ്ഠന്‍ പറയുമ്പോള്‍ തമ്പ്രാന്റെ കൊട്ടാരത്തിന് മുന്നിലും എന്റെ ചാളയുടെ മുന്നിലും ഉദിക്കുന്നത് ഒരേ സൂര്യനല്ലേ പിന്നെന്തിന് വിവേചനം എന്ന പുലയന്റെ ചോദ്യം ഒരാളുടെ വ്യക്തിത്വവും പൗരത്വും അപമാനിക്കുന്നതിനെതിരായ പ്രതികരണം കൂടിയായി മാറുകയാണെന്ന് അംബികാസുതന്‍ ചൂണ്ടിക്കാട്ടി.
മനുഷ്യത്വത്തിന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഭരണരീതിയാണ് ഫാസിസത്തിന്റേതെന്ന് രാജ്യം ഭരിക്കുന്നവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഏത് ജാതി-മതസ്ഥരായാലും മനുഷ്യത്വമില്ലെങ്കില്‍ അവിടെ എല്ലാം അവസാനിച്ചു. മതത്തിനും അതീതമായ മാനവികതാബോധത്തിന് കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അക്കാര്യം ഊട്ടിയുറപ്പിക്കുന്ന നന്‍മയുള്ള ഒട്ടനവധി സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. പാവപ്പെട്ട ഹിന്ദുകുടുംബത്തിലെ യുവതിയുടെ വിവാഹം നടത്താന്‍ സാമ്പത്തികസഹായം നല്‍കിയതിനുപുറമെ ചടങ്ങ് നടത്താന്‍ മസ്ജിദില്‍ അവസരമൊരുക്കിയ നല്ല വാര്‍ത്തയാണ് ഇന്ന് നമ്മള്‍ പത്രങ്ങളില്‍ വായിച്ചത്. കേരളത്തില്‍ പ്രളയസമയത്ത് നിസ്‌കരിക്കാന്‍ അമ്പലത്തില്‍ സൗകര്യമൊരുക്കിയ വാര്‍ത്തയും നമ്മള്‍ വായിച്ചിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. എന്നാല്‍ അതിനുമപ്പുറം സ്‌നേഹവും മനുഷ്യത്വവും നിറഞ്ഞ മാനവികതയുടെ സന്ദേശമാണ് കേരളം ഉയര്‍ത്തിക്കാണിക്കുന്നത്. ഈ ഐക്യം തകര്‍ക്കാന്‍ നമ്മള്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. വി.വി പ്രഭാകരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹ്മദ്, ടി.എ ഷാഫി, ഇബ്രാഹിം ചെര്‍ക്കള, അത്തീഖ് ബേവിഞ്ച, സി.എല്‍ ഹമീദ്, റഹീം ചൂരി, കെ.എച്ച് മുഹമ്മദ്, പി.വി.കെ അരമങ്ങാനം,അഷ്‌റഫ് ചേരങ്കൈ, ഷാഫി നെല്ലിക്കുന്ന്, അൻവർ മൊഗ്രാൽ തുടങ്ങി സാമൂഹ്യ-സാംസ്‌കാരികമേഖലകളിലെ പ്രമുഖരും കവികളും കലാകാരന്‍മാരുമടക്കം നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രസംഗിച്ചും ചിത്രങ്ങള്‍ വരച്ചും കവിതകള്‍ ആലപിച്ചും പലരും പ്രതിഷേധത്തില്‍ പങ്കാളികളായി.

No comments