JHL

JHL

വൊർക്കാടിയിലും മധൂരിലുമടക്കം ജില്ലയിലെ അഞ്ച് ജലസ്രോതസുകളിൽ സംസ്ഥാനത്ത് ആദ്യമായി റബ്ബർ ചെക്ക് ഡാം



കാസറഗോഡ്(True News, Jan 22, 2020):   ജലപരിപാലനത്തിനും വെള്ളപ്പൊക്ക പ്രതിരോധത്തിനുമായി ചെലവുകുറഞ്ഞതും എളുപ്പം സാധ്യമായതുമായ റബ്ബർ ചെക്ക്‌ഡാമുകൾ കാസർകോട്ടും വരുന്നു. മഞ്ചേശ്വരം വൊർക്കാടിയിലും മധൂരിലുമടക്കം ജില്ലയിലെ അഞ്ച്   ജലസ്രോതസുകളിലാണ് സംസ്ഥാനത്ത് ആദ്യമായി  റബ്ബർ ചെക്ക് ഡാം സംവിധാനം ഒരുക്കുക. കാസർകോട് വികസനപാക്കേജിൽ 243 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭുവനേശ്വറിലെ ഐ.സി.എ.ആറിന്റെ കീഴിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തിൽ ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. മധൂർ പഞ്ചായത്തിലെ 15 മീറ്റർ വീതിയുള്ള മധുവാഹിനിപ്പുഴയിൽ ഷിറിബാഗിലു, കയ്യൂർ-ചീമേനി പഞ്ചായത്തിലെ ആറുമീറ്റർ വീതിയുള്ള ആലന്തട്ട-നാപ്പച്ചാൽ തോട്ടിലെ നാപ്പച്ചാൽ, പിലിക്കോട് പഞ്ചായത്തിലെ അഞ്ചുമീറ്റർ വീതിയുള്ള മാണിയോട്ട് തോട്ടിലെ കാലിക്കടവ്, വൊർക്കാടി പഞ്ചായത്തിലെ 14 മീറ്റർ വീതിയുള്ള മഞ്ചേശ്വരംപുഴയിലെ കൊമ്പംകുഴി, പനത്തടി പഞ്ചായത്തിലെ 13.3 മീറ്റർ വീതിയുള്ള മാനടുക്കം-എരിഞ്ഞിലംകോട് തോട്ടിലെ തിമ്മംചാൽ തിമ്മംചാൽ എന്നിവിടങ്ങളിലാണ് റബ്ബർ ചെക്ക്ഡാം നിർമിക്കുക. 1.5 മീറ്റർ മുതൽ 2.5 മീറ്റർവരെ ഉയരമുള്ള ജലസംഭരണിയായിരിക്കുമിത്. ദക്ഷിണേന്ത്യയിൽ ഊട്ടിയിൽമാത്രമാണ് റബ്ബർ ചെക്ക്ഡാം പണിതിട്ടുള്ളത്. അഞ്ചുമീറ്റർ വീതിയിലും 1.5 മീറ്റർ ഉയരത്തിലുമുള്ള ഒരു റബ്ബർ ചെക്ക്ഡാമിന് ശരാശരി എട്ടുലക്ഷം രൂപ ചെലവഴിക്കേണ്ടിവരും. ജലസംഭരണിയിൽ കുമിഞ്ഞുകൂടുന്ന അവശിഷ്ടങ്ങൾ ഇടയ്ക്കിടെ പുറന്തള്ളാനുള്ള ക്രമീകരണമാണ് റബ്ബർ ചെക്ക്ഡാമിന്റെ സവിശേഷത. മഴക്കാലത്തുപോലും വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സംഭരണിയുടെ ഉയരം ആവശ്യമുള്ള ഘട്ടങ്ങളിൽ ഉയർത്താനോ കുറക്കാനോ എളുപ്പം സാധിക്കുമെന്നതുമാണ് ഇതിന്റെ പ്രവർത്തനരീതി 

No comments