JHL

JHL

കാസർകോട് ഗവ. കോളേജിൽ അറബി ഭാഷാ സാഹിത്യ ഗവേഷണ കേന്ദ്രത്തിന് അംഗീകാരമായി

കാസറഗോഡ്(True News 25 January 2020) :  കാസറഗോഡ് ഗവണ്മെന്റ് കോളേജ് അറബിക് ഡിപ്പാർട്മെന്റ്നെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകരിച്ചു .  1957ൽ  സ്ഥാപിതമായ കാസർകോട് ഗവൺമെന്റ് കോളേജിൽ 1968ൽ ആണ്   അറബിക് ഡിപ്പാർട്ട്മെന്റ്ആരംഭിക്കുന്നത്.  അറബി ഭാഷ പഠന സൗകര്യമുള്ള   കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന  കോളേജുകളിൽ ഒന്നാണ് കാസർകോട് ഗവൺമെന്റ് കോളേജ്.  1968ൽ  ബിരുദ പഠനവും 1993 ൽ  ബിരുദാനന്തര ബിരുദ പഠനവും ഡിപ്പാർട്ട്മെന്റിൽ ആരംഭിച്ചിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ സെന്റർ ഓഫ് എക്സലൻസ് പദവിയുണ്ട് കോളേജിന്. ബി എ അറബിക്, എം എ അറബിക് തുടങ്ങിയ കോഴ്സുകളാണ് ഇപ്പോൾ ഡിപ്പാർട്ട്മെന്റിൽ നടക്കുന്നത്.            ഓരോ വർഷവും ദേശീയ-അന്തർദേശീയ സെമിനാറുകൾ, വർക്ക് ഷോപ്പ്, കോൺഫറൻസുകൾ തുടങ്ങി നിരവധി അക്കാദമിക പ്രവർത്തനങ്ങൾ അറബിക് ഡിപ്പാർട്ട്മെന്റിന്റെ  മേൽനോട്ടത്തിൽ നടന്നുവരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രം ആയിട്ടുള്ള അംഗീകാരം കൂടി ലഭിച്ചതോടെ കാസർകോട് ഗവൺമെന്റ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റിൽ ബിരുദ ബിരുദാനന്തര പഠനങ്ങൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് പിഎച്ച്ഡി പഠനം കൂടി പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള അസുലഭ സൗകര്യമാണ്‌ ലഭിച്ചിരിക്കുന്നത്. യുജിസിയുടെ നാലു റിസർച്ച് പ്രോജക്ടുകൾ ഡിപ്പാർട്ട്മെന്റിൽ  നടത്തിയിട്ടുണ്ട്. കോളേജ് അധ്യാപകൻ ആകുന്നതിന് ഡോക്ടറേറ്റ് ബിരുദം അടിസ്ഥാന യോഗ്യതയായി യുജിസിയുടെ പുതിയ നിർദ്ദേശം വന്ന ഈ സാഹചര്യത്തിൽ അറബിക് ഡിപ്പാർട്ട്മെന്റ് ഗവേഷണകേന്ദ്രമായി മാറുന്നതിൽ അറബി ഭാഷ സാഹിത്യത്തിൽ ഗവേഷണം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രതീക്ഷയേറുകയാണ്. നിലവിൽ 9 അധ്യാപക തസ്തികകൾ ആണ് ഡിപ്പാർട്ട്മെന്റിൽ  ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ളത്, നിലവിലുള്ള 9 അധ്യാപകരിൽ ഏഴുപേരും പി എച്ച് ഡി ബിരുദധാരികളാണെന്നതിനാൽ അതും ഗവേഷക വിദ്യാർഥികൾക്ക് ഗുണകരമാവും. ഡിപ്പാർട്ട്മെന്റൽ ലൈബ്രറി, അറബിക് കമ്പ്യൂട്ടർ ലാബ്, ഡി ടി പി& ട്രാൻസ്ലേഷൻ സെന്റർ എന്നിവ ഡിപ്പാർട്ട്മെന്റിനു  കീഴിൽ പ്രവർത്തിച്ചുവരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി കീഴിലെ കോളേജുകളിൽ ആദ്യത്തെ ഗവേഷണ കേന്ദ്രമാണ് കാസർകോട് ഗവൺമെന്റ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റ്.                ഗവേഷണ തല്പരരുടെയും,വിദ്യാർഥികളുടെയും, ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെയും  ഏറെനാളത്തെ നിരന്തരമായ ആവശ്യമാണ് പൂവണിയുന്നത്. ഗവേഷണകേന്ദ്രം എന്ന സാക്ഷാൽകാരത്തിന് അംഗീകാരം നൽകിയ കേരള സർക്കാരും കണ്ണൂർ യൂണിവേഴ്സിറ്റിയും അഭിനന്ദനം അർഹിക്കുന്നു. ഡിപ്പാർട്ട്മെന്റ് ഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ട സഹായ സഹകരണങ്ങളും  നിർദ്ദേശങ്ങളും യഥാസമയം  നൽകിയ കോളേജ് പ്രിൻസിപ്പൽ ഡോ. അനന്തപത്മനാഭ എ.ൽ  കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായ  ഡോ. വി. പി. പി മുസ്തഫ, കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അധ്യാപകനും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ എം. സി രാജു, അറബിക് ഡിപ്പാർട്ട്മെന്റ് അലംനി  അസോസിയേഷൻ, പി. ടി.എ  എന്നിവരോടും  അറബിക് ഡിപ്പാർട്ട്മെന്റ് നന്ദി രേഖപ്പെടുത്തി.
  

No comments