JHL

JHL

പാവൂരിലെ ഇസ്മായീലിന്റെ മരണം : നാല്പത്തിനാലുകാരിയായ ഭാര്യ കാമുകനുമായി ചേർന്ന് നടത്തിയ കൊലപാതകം

മഞ്ചേശ്വരം:(True News. Jan25,2020)  പാവൂര്‍ കിദമ്പാടിയിലെ  ഇസ്മാഈലി(50) ന്റെത്  കൊലപാതകമാണെന്ന് തെളിഞ്ഞു. മഞ്ചേശ്വരം എസ് ഐ ഇ അനൂപ് കുമാറും സി ഐ എ വി ദിനേശ് കുമാറും നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത് .   ഭാര്യ ആഇശ (42)യും ബന്ധുവും കാമുകനും അയല്‍വാസിയുമായ മുഹമ്മദ് ഹനീഫ (35)യും ചേർന്നാണ് കൊല നടത്തിയത്.തലപ്പാടി കെ സി റോഡ് സ്വദേശിയായിരുന്ന ഇസ്മായിൽ പാവൂരിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. 


ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇസ്മാഈലിനെ പാവൂരിലെ  വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ സഹോദരന്‍ നൂര്‍ മുഹമ്മദിന് ഫോണ്‍ ചെയ്ത് സഹോദരന്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ സഹോദരനും ബന്ധുക്കളും ഇസ്മാഈലിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ സംശയം തോന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ തൂങ്ങിയ നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അയല്‍വാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴയിറക്കിയതെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.



സ്ഥിരമായി മദ്യപിച്ചു വന്ന് ഉപദ്രവിച്ചതും കാമുകനുമായുള്ള അവിഹിത ബന്ധം തുടര്‍ന്നു പോകുന്നതിനുമാണ് ആഇശ കൊലപാതകം നടത്താന്‍ കൂട്ടുനിന്നത്. കാമുകന്‍ മുഹമ്മദ് ഹനീഫയെ ഇതിനായി ചുമതലപ്പെടുത്തി. കര്‍ണാടക സ്വദേശികളായ അറഫാത്തും സിദ്ദീഖുമാണ് കൃത്യം നടത്താന്‍ കൂട്ടിനെത്തിയത്. രാത്രി 12 മണിക്കും ഒരു മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലയാളികള്‍ക്ക് കതക് തുറന്നുകൊടുത്തത് ഭാര്യയായിരുന്നു. ഇസ്മാഈലിന് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്. കല്യാണം കഴിഞ്ഞ മകള്‍ ഭര്‍തൃവീട്ടിലും ആണ്‍മക്കള്‍ ഗള്‍ഫിലുമായിരുന്നു.

 പോസ്റ്റുമോര്‍ട്ടത്തിലൂടെ തൂങ്ങിമരണമോ ശ്വാസംമുട്ടി മരിച്ചതോ ആയിരിക്കാമെന്ന സാധ്യതയാണ് പോലീസിന് ലഭിച്ചത്. സംഭവം നടന്നതിനു പിന്നാലെ കാമുകന്‍ മുഹമ്മദ് ഹനീഫ നാട്ടില്‍ നിന്നും മുങ്ങിയത് സംശയത്തിന് ബലം നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനെ പിടികൂടിയത്. 10,000 രൂപ കൂട്ടുപ്രതികള്‍ക്ക് നല്‍കാമെന്ന് ആഇശ സമ്മതിച്ചതായി കാമുകന്‍ മുഹമ്മദ് ഹനീഫ പോലീസിനോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

No comments