JHL

JHL

സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ റാലി നടത്തി

 കാസര്‍കോട്(True News 3 January 2020): പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് വെള്ളിയാഴ്ച പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 451-ാം ദിവസത്തിലാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചത്.
കേസില്‍ പുനരന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ അനിശ്ചിതകാല സമരവും മറ്റു പ്രതിഷേധ ചടങ്ങുകളും നടക്കുമെന്ന് സംഗമത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി. കോടതി രണ്ടു തവണ അന്വേഷണ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചിട്ടും ഒരു വര്‍ഷം പിന്നിട്ടും സി.ബി.ഐ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചവര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലിയില്‍ സംബന്ധിച്ചവര്‍ സി.ബി.ഐക്കെതിരെ കരിങ്കൊടി പിടിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സമരപന്തലില്‍ റാലി സമാപിച്ചു.
കീഴൂര്‍-മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷതവഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സിദ്ധീഖ് നദ്വി, സി.എ.മുഹമ്മദ് ഷാഫി, സുബൈര്‍ പടുപ്പ്, ഉബൈദുല്ല കടവത്ത്, കരിവെള്ളൂര്‍ വിജയന്‍, രവീന്ദ്രന്‍, അബൂബക്കര്‍ ഉദുമ തുടങ്ങിയവര്‍ സംസാരിച്ചു.


No comments