JHL

JHL

കുമ്പള,ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷണ സംഘത്തെ കുമ്പള പോലീസ് പിടികൂടി


കുമ്പള(True News, Jan25,2020)  : അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തിലെ രണ്ടുപേരെ കുമ്പള പൊലീസ്  അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ  എ കെ ഉമര്‍ (32), കർണാടക ഉപ്പിനങ്ങാടി  സ്വദേശി അബ്ദുല്‍ ഹമീദ് എന്ന അമ്മി (22) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്യ്തു. സംഘത്തിലെ മറ്റ് നാലുപേര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പകല്‍ റോഡ് ടാറിംഗ് ജോലിയും     രാത്രിയില്‍   കവര്‍ച്ച നടത്തുകയും ചെയ്യുകയാണ് ഇവരുടെ രീതി. ബേക്കല്‍, മേല്‍പറമ്പ്, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന ആറ് കവര്‍ച്ചാ കേസുകള്‍ക്കാണ് ഇതോടെ തുമ്പായിരിക്കുന്നത്. കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നതായി പൊലീസ്  പറഞ്ഞു.

റോഡ് ടാറിംഗ് പ്രവൃത്തി തൊഴിലാളിയാണ് ഉമര്‍. റോഡ് പ്രവൃത്തി നടക്കുന്ന പരിസരത്തുള്ള വീടുകളിലെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം കവര്‍ച്ച നടത്തുന്നത്. പൊയിനാച്ചി ഞാണിക്കടവിലെ യോഗ പരിശീലകന്‍ രതീഷന്റെ വീട്ടില്‍ നിന്ന് ഏഴായിരം രൂപയും എ ടി എം കാര്‍ഡും രേഖകളും കവര്‍ന്നത് ഉമറും സംഘവുമായിരുന്നു. പൊയിനാച്ചി പറമ്പ് മീത്തല്‍ വടക്കേക്കര വിശ്വനാഥന്റെ വീട്ടില്‍ നിന്ന് പട്ടാപകല്‍ 8500 രൂപയും 35000 രൂപയുടെ ഡിജിറ്റില്‍ ക്യാമറയും 15000 രൂപയുടെ മൊബൈല്‍ ഫോണും ഒരുപവന്‍ സ്വര്‍ണവുമാണ് ഈ സംഘം കവര്‍ന്നത്. കുമ്പള അനന്തപുരത്തെ ടി വി ഗംഗാധരന്റെ വീട്ടില്‍ നിന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. ബദിയടുക്ക പാത്തടുക്കത്തെ സുഹൈറയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്ന് ഇരുപതിനായിരം രൂപയും എ ടി എം കാര്‍ഡും രേഖകളും കവര്‍ന്നു.

കവര്‍ച്ച നടന്ന വീടിന് മുന്നില്‍ കൂടി കര്‍ണാടക രജിസ്ട്രഷനുള്ള ബൈക്ക് പോകുന്ന ദൃശ്യം സിസി ടിവി ക്യാമറയില്‍ കുടുങ്ങിയതാണ്  ഉമറിന് വിനയായത് . പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ബൈക്ക് ഉപയോഗിക്കുന്നത് ഉമറാണെന്ന് തെളിഞ്ഞു. എന്നാല്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് ഉമര്‍ പൊലീസിനോട് സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് കുമ്പള സിഐയുടെ നേതൃത്വത്തിലുളള സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായവരെ കാസര്‍കോട് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐ രാജീവന്‍ വലിയവളപ്പ്, എസ്‌ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘംമാണ് ഇവരെ അറസ്റ്റുചെയ്തത്.അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ കെ നാരായണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, എഎസ്‌ഐ ലക്ഷ്മി നാരായണന്‍ എന്നിവരുമുണ്ടായിരുന്നു

No comments