JHL

JHL

അധ്യാപികയുടെ ദുരൂഹ മരണം ; അന്വേഷണം ആവശ്യപ്പെട്ട് കുംബശ്രീ പ്രവർത്തകരും

ഉപ്പള(True News 21 January 2020): അധ്യാപികയുടെ ദുരൂഹ മരണത്തിന്‌ പിന്നിലെ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ കുടുംബശ്രീ പ്രക്ഷോഭത്തിലേയ്‌ക്ക്‌. ഇതിന്റെ ഭാഗമായി മീഞ്ച പഞ്ചായത്ത്‌ സി ഡി എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മമത ദിവാകര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകടനത്തില്‍ നിരവധി സ്‌ത്രീകള്‍ പങ്കെടുത്തു. കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ്‌ രൂപശ്രീയുടെ മൃതദേഹം കാണപ്പെട്ടതെന്നും മരണത്തില്‍ നിഗൂഢതകള്‍ ഉണ്ടെന്നും ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കത്തിലാണ്‌ കുടുംബശ്രീ.

മിയാപ്പദവ്‌ വിദ്യാവര്‍ധക സ്‌കൂളിലെ അധ്യാപിക ചിഗറുപദയിലെ ബി കെ രൂപശ്രീ (44)യുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം തുടരുന്നു.  ചോദ്യം ചെയ്യലിന്‌ വിധേയനാക്കിയ സഹ പ്രവര്‍ത്തകനായ അധ്യാപകനെ രാത്രിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ചൊവ്വാഴ്ച  രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേയ്‌ക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌. രൂപശ്രീയുടെ മരണത്തിന്‌ കാരണക്കാരന്‍ ഇയാളാണെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ അധ്യാപകനെ നിരന്തരമായി ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. 16ന്‌ രാവിലെ സ്‌കൂളിലേക്ക്‌ പോയ രൂപശ്രീയെ അന്നു വൈകുന്നേരത്തോടെയാണ്‌ കാണാതായത്‌. ഇതു സംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം തുടരുന്നതിനിടയില്‍ മിനിഞ്ഞാന്ന്‌ രാവിലെയാണ്‌ മൃതദേഹം പെര്‍വാഡ്‌ കടപ്പുറത്ത്‌ നഗ്നമായ നിലയില്‍ കാണപ്പെട്ടത്‌.
കടലിലെ ഒഴുക്കില്‍പ്പെട്ടായിരിക്കും വസ്‌ത്രങ്ങളും തലമുടിയും നഷ്‌ടപ്പെട്ടതെന്നാണ്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്‌ത ഫോറന്‍സിക്‌ വിദഗ്‌ദ്ധന്‍ പൊലീസിനെ അറിയിച്ചത്‌. എന്നാല്‍ ഇതു വിശ്വസിക്കാന്‍ രൂപശ്രീയുടെ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. മരണത്തിലെ ദുരൂഹത വിശദമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നുമാണ്‌ ബന്ധുക്കളുടെ ആവശ്യം. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രൂപശ്രീ പതിവുപോലെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുകയും സ്‌മാര്‍ട്ട്‌ ഫോണ്‍ അടക്കം രണ്ടു ഫോണുകളും വാനിറ്റി ബാഗും കൊണ്ടുപോയിരുന്നു. ഇവയൊന്നും കണ്ടെത്താനായിട്ടില്ല. ഇത്‌ ആരുടെയെങ്കിലും കൈവശം ഉണ്ടായിരിക്കുമെന്നാണ്‌ പൊലീസിന്റെ നിഗമനം. ഒന്നുകില്‍ സ്വര്‍ണ്ണവും മറ്റും അടങ്ങിയ ബാഗ്‌ മറ്റൊരാളെ ഏല്‍പ്പിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ മറ്റാരെങ്കിലും കൈക്കലാക്കിയതായിരിക്കാം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. കേസിന്റെ നിര്‍ണ്ണായക തെളിവുകളാണ്‌ ബാഗും മൊബൈല്‍ ഫോണുകളും. ഇവ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രൂപശ്രീയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണക്ക്‌ കൂട്ടലും പ്രതീക്ഷയും

No comments