JHL

JHL

ഇസ്മായിൽ വധക്കേസ്; ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ

മഞ്ചേശ്വരം(True News 31 January 2020): കെദംപാടി ഇസ്മായിൽ വധക്കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ. കർണാടക മഞ്ഞനാടി കച്ചിഗുഡ്ഡെയിലെ മുഹമ്മദ് അറാഫത്തിനെ(32)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്മായിലിന്റെ ഭാര്യ ആയിഷ, ബന്ധുവും അയൽവാസിയുമായ മുഹമ്മദ് ഹനീഫ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.  അറാഫത്തിനെ ചോദ്യം ചെയ്തതിൽ നിന്നു നേരത്തെ മുഹമ്മദ് ഹനീഫ നൽകിയ മൊഴികൾ പലതും കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. തനിക്കും ആയിഷയ്ക്കും പുറമെ അറാഫത്തും സിദ്ദീഖുമാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നതെന്നായിരുന്നു ഹനീഫയുടെ മൊഴി. എന്നാൽ സിദ്ദീഖ് എന്നയാൾ കൂട്ടത്തിൽ ഇല്ലായിരുന്നുവെന്നാണ് അറാഫത്ത് പറയുന്നത്. വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. കർണാടക മഞ്ഞനാടി സ്വദേശികളാണ് പിടിയിലാകാനുളളതും.   റിമാൻഡിൽ കഴിയുന്ന മുഹമ്മദ് ഹനീഫയെയും ആയിഷയെയും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇസ്മായിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കെ.ഗോപാലകൃഷ്ണപിള്ള കൊലപാതകം നടന്ന വീട് സന്ദർശിച്ചിരുന്നു.   കഴിഞ്ഞ 20ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു ആയിഷ പറഞ്ഞത്.‌ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ പ്രതികൾ പരമാവധി തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു.  ആയിഷയും മുഹമ്മദ് ഹനീഫയും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നു. ഇത് ഇസ്മായിൽ എതിർത്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. മഞ്ചേശ്വരം സിഐ എ.വി.ദിനേശ്, എസ്ഐ ഇ.അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

No comments