JHL

JHL

മിയാപ്പദവിലെ അധ്യാപികയെ കൊലപ്പെടുത്തിയത് സഹപ്രവർത്തകനായ അധ്യാപകൻ. സ്വന്തം വീട്ടിൽ സഹപ്രവർത്തകയെ കൊന്ന് കാറിലിട്ട് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു; മനസ്സാക്ഷിയില്ലാത്ത ക്രൂരതക്ക് കൂട്ടുനിന്നത് അയൽക്കാരൻ

മിയാപ്പദവ്:(True News, Jan25,2020):  മിയാപ്പദവിലെ വിദ്യാവർധക സ്‌കൂൾ അധ്യാപിക ബി.കെ.രൂപശ്രീയെ കൊലപ്പെടുത്തിയത് അതേ സ്കൂളിലെ അധ്യാപകനും  സഹായിയും ചേർന്ന്.  വീപ്പയിലെ വെള്ളത്തിൽ മുക്കി കൊന്ന് കടലിൽത്തള്ളിയതാണെന്ന് തെളിഞ്ഞു. ഇരുവരെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ് ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. സ്കൂളിലെ ചിത്രകലാധ്യാപകൻ ആസാദ് റോഡിലെ കെ.വെങ്കിട്ടരമണ കാരന്ത്(41), തൊട്ടടുത്ത വാടകവീട്ടിൽ താമസിക്കുന്ന സഹായി മിയാപ്പദവ് സ്വദേശി നിരഞ്ജൻകുമാർ എന്ന അണ്ണ(22) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ അധ്യാപിക കടലിൽച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയർന്നെങ്കിലും നാട്ടുകാരും സഹപ്രവർത്തകരും കൊലപാതകം സംശയിച്ചു. ഇപ്പോൾ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പോലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. നാട്ടുകാരുടെ സമ്മർദത്തെത്തുടർന്ന് രണ്ടുദിവസം മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ നിരന്തരചോദ്യംചെയ്യലിൽ വെങ്കിട്ടരമണ കുറ്റം സമ്മതിച്ചു

മിയാപ്പദവ് ശ്രീവിദ്യാവർധക ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക ബി.കെ.രൂപശ്രീയെ നിരഞ്ജൻകുമാർ എന്ന അയൽവാസിയുടെ സഹായത്തോടെ സഹാധ്യാപകൻ കെ.വെങ്കിട്ടരമണ കാരന്ത് കൊന്ന് കടലിൽത്തള്ളിയതിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു.

നേരത്തേ താനുമായി നല്ല അടുപ്പമുണ്ടായിരുന്ന രൂപശ്രീ മറ്റുചിലരുമായി അടുത്തിടപഴകുകയും തന്നിൽനിന്നകലുകയും ചെയ്തതായുള്ള തോന്നലാണ് വെങ്കിട്ടരമണയെ കൊലപാതകത്തിലേക്കുനയിച്ചത്. ഇതിനായി ജനുവരി 13 മുതൽ ഇയാൾ അവധിയെടുത്തു. തലേദിവസങ്ങൾ ശനിയും ഞായറുമായതിനാൽ ഫലത്തിൽ പത്തിനുശേഷം സ്കൂളിൽ പോയില്ല. ജനുവരി പതിനഞ്ചിന് നിരഞ്ജനെ കണ്ടു. രൂപശ്രീ തന്നെ വഞ്ചിക്കുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധിചെയ്യണമെന്നും ഇയാൾ പറഞ്ഞു. ഇതിന്റെ ഭാഗമായി 16-ന് വൈകിട്ട് വീട്ടിൽ കാത്തിരിക്കണമെന്നാവശ്യപ്പെട്ടു.

16-ന് സ്‌കൂളിലെ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹമായിരുന്നു. ഇതിന് വെങ്കിട്ടരമണ കാരന്ത് പോയില്ല; രൂപശ്രീ പോയി. തുടർന്ന് മകൾ കൃപയുടെ ഫീസടച്ച് മടങ്ങുംവഴി രൂപശ്രീയെ ഇയാൾ ഫോണിൽ വിളിച്ചു. താനിപ്പോൾ ഹൊസങ്കടിയിലെത്തുമെന്ന് പറഞ്ഞപ്പോൾ അവിടേക്കുവരാമെന്ന് വെങ്കിട്ടരമണ പറഞ്ഞു. ഇരുവരും നാലരയോടെ ഹൊസങ്കടിയിലെത്തി, പരസ്പരം കണ്ടു. രൂപശ്രീ സ്‌കൂട്ടറിലായിരുന്നു; വെങ്കിട്ടരമണ കാറിലും. ദുർഗിപ്പള്ളവരെ ഇവർ മുമ്പിലും പിന്നിലുമായി പോയി. അവിടന്ന് രൂപശ്രീ സ്‌കൂട്ടർ റോഡരികിൽ വെച്ചശേഷം കാറിൽ കയറി. ഇരുവരും കാറിൽ വീട്ടിലെത്തുമ്പോൾ സിറ്റൗട്ടിന്റെ ഇടത്തേമുറിയിൽ നിരഞ്ജൻ കാത്തിരിക്കുന്നുണ്ട്. വലത്തുഭാഗത്തുള്ള സ്വീകരണമുറിയിലേക്കും അവിടന്ന് മറ്റൊരു മുറിയിലേക്കും പോയി സംസാരിച്ചിരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇടനാഴിയോടുചേർന്നുള്ള കുളിമുറിയിലെ ബക്കറ്റിൽ മുക്കിപ്പിടിച്ചു.

കുതറിയോടിയ രൂപശ്രീ സിറ്റൗട്ടിലേക്കെത്തുമ്പോഴേക്ക് എതിർവശത്ത് കാത്തിരിക്കുകയായിരുന്ന നിരഞ്ജൻ കയറിപ്പിടിച്ചുകഴിഞ്ഞിരുന്നു. പിന്നാലെവന്ന വെങ്കിട്ടരമണയും ചേർന്ന്‌ ബലമായി കുളിമുറിയിലേക്ക് കൊണ്ടുപോയി. അവിടെ സൂക്ഷിച്ചിരുന്ന വീപ്പയിലെ വെള്ളത്തിൽ മുക്കിപ്പിടിച്ചു. മരണമുറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് സിറ്റൗട്ടിലെത്തിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടടെുത്ത് സിറ്റൗട്ടിലേക്ക് ചേർത്തുനിർത്തി. മൃതദേഹം അതിൽ കയറ്റിയപ്പോഴേക്കും വെങ്കിട്ടരമണയുടെ ഭാര്യയുടെ ഫോൺ വന്നു.

രണ്ടുദിവസംമുമ്പ് മംഗളൂരുവിൽ വിവാഹച്ചടങ്ങിനുപോയ താൻ തിരികെ ഹൊസങ്കടിയിലെത്താറായെന്നും കാറുമായി വരണമെന്നും പറഞ്ഞായിരുന്നു ഫോൺ. ഡിക്കിയിൽ മൃതദേഹമുള്ള കാറുമായി നിരഞ്ജനും വെങ്കിട്ടരമണയും പോയി. ഭാര്യയെ ഹൊസങ്കടിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് വീട്ടിൽ വിട്ടു. ഈസമയം കാറോടിച്ചത് വെങ്കിട്ടരമണയായിരുന്നു.

നിരഞ്ജൻ പിന്നിലിരുന്നു. ഭാര്യയെ വീട്ടിൽവിട്ടശേഷം തനിക്കുചില പൂജകളുടെ കാര്യത്തിനായി വിട്‌ളവരെ പോകാനുണ്ടെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങി. മൃതദേഹം ഒളിപ്പിക്കാൻ പറ്റിയ സ്ഥലമന്വേഷിച്ചായിരുന്നു യാത്ര. അപ്പോൾ ഏഴുമണിയായതേയുണ്ടായിരുന്നുള്ളൂ. എല്ലായിടത്തും ആളുകളുടെ സാന്നിധ്യമുള്ള സമയം. അതിനാൽ ഇരുവരും ചേർന്ന്‌ നേരേ സുങ്കതകട്ടയിൽ പോയി. അവിടന്ന്‌ അനേക്കൽ-വിട്‌ള വഴി മെർക്കാറയിലെത്തി. അവിടെ ഒരു ഹോട്ടലിൽക്കയറി ഭക്ഷണം കഴിച്ചു. തുടർന്ന് മംഗളൂരുവിനടുത്തുള്ള പമ്പുവെൽ സർക്കിളിലെത്തി.

അവിടന്ന്‌ തലപ്പാടി അതിർത്തി ചെക്ക്‌പോസ്റ്റ് കടന്ന് മഞ്ചേശ്വരത്തിനടുത്തുള്ള കണ്വതീർഥ കടൽത്തീരത്തെ ത്തിയപ്പോഴേക്കും രാത്രി 9.30-10. ഇരുവരും ചേർന്ന് മൃതദേഹം കടലിൽത്തള്ളി; ഒപ്പം രൂപശ്രീയുടെ ഹാൻഡ്‌ ബാഗും.

പോലീസിന്റെ ചോദ്യംചെയ്യലിൽ താൻ ദുർഗിപ്പള്ളയിൽവെച്ച് അവരെ കണ്ടെന്നും പിന്നീട് കണ്ടില്ലെന്നുമാണ് ആദ്യം പറഞ്ഞത്. നിങ്ങളുടെ കാറിൽ പോകുന്നത് കണ്ടവരുണ്ടെന്നുപറഞ്ഞപ്പോൾ രൂപശ്രീയെ വീട്ടിൽ കൊണ്ടുവന്നശേഷം തിരികെ ദുർഗിപ്പള്ളയിൽ കൊണ്ടുവന്നുവിട്ടതായി മാറ്റിപ്പറഞ്ഞു. അവിടന്ന്‌ കടപ്പുറംവരെ 10 കിലോമീറ്ററോളമുണ്ട്. അത്രയും ദൂരം രൂപശ്രീ നടന്നുപോയി കടലിൽച്ചാടാനിടയില്ലെന്ന നിഗമനത്തിൽ വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന്‌ നിരഞ്ജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ നിരഞ്ജനും കുറ്റം സമ്മതിച്ചു.
കൊലനടന്ന് രണ്ടുദിവസത്തിനുശേഷം ജനവരി 18-ന് പുലർച്ചെ ആറുമണിയോടെയാണ്‌ കുമ്പള കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണയുടെ ബാങ്ക് വായ്പയ്ക്ക് രൂപശ്രീ ജാമ്യംനിന്നതല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകൾ ഇവർതമ്മിലുണ്ടായിരുന്നതായി തെളിവില്ലെന്ന് പോലീസ് പറഞ്ഞു.




No comments