JHL

JHL

എസ്എസ്എൽസി പരീക്ഷ ; കർണാടകയിൽ കുടുങ്ങിയ 30 പേരടക്കം 48 വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാനായില്ല

കാസറഗോഡ് (True News 27 May 2020): കർണാടകയിൽ കുടുങ്ങിയ 30 പേരടക്കം ജില്ലയിൽ 48 വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷാ എഴുതാനായില്ല. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 37 പേരും കാഞ്ഞങ്ങാട്ട് 11 വിദ്യാർഥികളുമാണ് ഇന്നലെ നടന്ന എസ്എസ്എൽസി പരീക്ഷ എഴുതാത്തത്. ഇതിൽ 30 വിദ്യാർഥികൾ കർണാടകയിൽ കുടുങ്ങിയവരാണ്. പള്ളിക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 8 വിദ്യാർഥികൾ കർണാടകയിലാണുള്ളത്. ഇവർക്ക് എത്താനായില്ല.എസ്എസ്എൽസി പരീക്ഷ എഴുതേണ്ട ജില്ലയിലെ 266 വിദ്യാർഥികൾ കർണാടകയിലായിരുന്നു. ഇതിൽ 236 പേരാണ് തലപ്പാടി അതിർത്തി വഴി ജില്ലയിലെത്തിയത്. 33 കുട്ടികൾ സ്വന്തമായി പരീക്ഷാകേന്ദ്രത്തിലെത്തി. ഇന്നു തുടങ്ങുന്ന ഹയർസെക്കൻഡറി പരീക്ഷയിൽ 204 വിദ്യാർഥികളാണ് കർണാടകയിലുള്ളത്. ഇതിൽ ഇന്നലെ ഉച്ചവരെ എത്തിയത് 93 പേരാണ്. 2491 പേരാണ് ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷ എഴുതേണ്ടത്. ഇതിൽ 22 സെന്ററുകളിലായി 2434 വിദ്യാർഥികൾ പരീക്ഷയെഴുതി.

ഹോട്സ്പോട്ട് കേന്ദ്രങ്ങളിൽ നിന്നുള്ളവരും പരീക്ഷയെഴുതി

കർണാടകയിലെ ഹോട്സ്പോട്ട് കേന്ദ്രങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ ഹാൾ അനുവദിച്ചത് അവസാന നിമിഷം. കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിലാണ് പരീക്ഷ തുടങ്ങാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ഹാൾ മാറ്റി നൽകിയത്. ആദ്യം സ്കൂൾ ഓഫിസിനോടു ചേർന്നുള്ള ഓപ്പൺ ഹാൾ അനുവദിച്ചു. എന്നാൽ ഹോട്സ്പോട്ട് മേഖലയിൽ നിന്നെത്തിയ വിദ്യാർഥികളെ തുറസായ സ്ഥലത്ത് ഇരുത്താൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചതോടെ പിന്നീട് ക‍ഞ്ഞിപ്പുരയുടെ ഭാഗത്ത് സ്ഥലം അനുവദിച്ചു. എന്നാൽ ഇതു വൃത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ മറ്റൊരു മുറിയിലേക്ക് മാറ്റി പരീക്ഷ എഴുതാൻ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഏഴു പേരാണ് കർണാടകയിൽ നിന്ന് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതാനെത്തിയത്.

No comments